SHARE

ജൂലൈ പതിനൊന്നിന് ആരംഭിക്കാനിരിക്കുന്ന മൂന്നാം എഡിഷൻ തമിഴ്നാട് പ്രീമിയർ ലീഗിന് മുന്നോടിയായി നടക്കുന്ന താരങ്ങളുടെ ഡ്രാഫ്റ്റിന്റെ വിവരങ്ങൾ പുറത്ത് വിട്ടു. അവസാന ഘട്ട പരിശോധനകളും മറ്റും കഴിഞ്ഞപ്പോൾ 772 താരങ്ങളാണ് ഡ്രാഫ്റ്റിൽ ഇടം പിടിച്ചത്‌. ടൂർണമെന്റിനുള്ള എട്ട് ടീമുകൾക്കും ഈ 772 പേരിൽ നിന്ന് തങ്ങൾക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാം. ഒരു ടീമിൽ കുറഞ്ഞത് 18 താരങ്ങളെങ്കിലും ഉണ്ടായിരിക്കണം.

നേരത്തെ മൂന്നാം സീസണിന് മുന്നോടിയായി എട്ട് ടീമുകളും തങ്ങളുടെ മൂന്ന് താരങ്ങളെ വീതം ടീമിൽ നിലനിർത്തിയിരുന്നു‌. മൂന്ന് റൗണ്ടുകളിലായാണ് ഇത്തവണത്തെ ഡ്രാഫ്റ്റ് നടക്കുക. ഇതിൽ ആദ്യ റൗണ്ടിൽ നിന്ന് ടീമുകൾക്ക് ഓരോ ഇന്ത്യൻ താരങ്ങളെ വീതം സ്വന്തമാക്കാം. 3 മുതൽ 5 ലക്ഷം രൂപ വരെയാണ് ഈ റൗണ്ടിൽ താരങ്ങൾക്ക് വിലയിട്ടിട്ടുള്ളത്. രണ്ടാം റൗണ്ടിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റോ, ബിസിസിഐ സംഘടിപ്പിച്ച ഏകദിന, ദ്വിദിന, ടി20 മത്സരങ്ങളിൽ കളിച്ച താരങ്ങളാണുണ്ടാവുക. ഇവർക്ക് 1.5 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് വിലയിട്ടിട്ടുള്ളത്. മൂന്നാം റൗണ്ട് മുതൽ ടീമുകൾക്ക് തങ്ങളുടെ സ്ക്വാഡിൽ ആവശ്യമുള്ള ബാക്കി താരങ്ങളെ സ്വന്തമാക്കാം. 50000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് ഈ താരങ്ങൾക്ക് വിലയുള്ളത്.

നേരത്തെ ഈ മാസമാദ്യം താരങ്ങളെ നിലനിർത്താൻ നൽകിയിരുന്ന സമയം അവസാനിച്ചപ്പോൾ ഇന്ത്യൻ സ്പിന്നറും, ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകനുമായ രവിചന്ദ്രൻ അശ്വിനെ അദ്ദേഹത്തിന്റെ ടീമായ ഡിണ്ടിഗൽ ഡ്രാഗൺസ് നിലനിർത്തിയിരുന്നു അതേ സമയം കഴിഞ്ഞ വർഷത്തെ ടൂർണമെന്റിലെ റണ്ണേഴ്സപ്പുകളായിരുന്ന ടൂട്ടി പാട്രിയറ്റ്സ്, തങ്ങളുടെ സൂപ്പർ താരങ്ങളായ ദിനേഷ് കാർത്തിക്കിനേയോ, വാഷിംഗ്ടൺ സുന്ദറിനെയോ, അഭിനവ് മുകുന്ദിനേയോ നിലനിർത്തിയിട്ടില്ല‌. ഇതോടെ ഇവർ മൂന്ന് പേരും താരങ്ങളുടെ ഡ്രാഫ്റ്റിലുണ്ടാകും.