SHARE

അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ വിപ്ലവകരമായ തീരുമാനങ്ങളും. ഫുട്‌ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഒരു ടീം വിളിച്ചെടുത്ത താരത്തിന് ആ ടീമില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ലീഗിനിടെ ടീം മാറാനുള്ള അവസരമാണ് ഒരുക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ ഇത് നേരത്തെ നടപ്പാക്കിയതാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പൂന ടീമുകളില്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട ഇര്‍ഫാന്‍ പത്താനെ പോലുള്ള താരങ്ങള്‍ക്ക് ഈ പുതിയ രീതി ഗുണകരമാകും. ആദ്യത്തെ ഏഴു കളികളില്‍ ഒരു താരത്തിന് അവസരം ലഭിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ടീം മാറാന്‍ അവസരം നല്‍കുന്നതാണ് പുതിയ നയം. താരം ടീം മാറാന്‍ ഒരുങ്ങുകയും അയാളെ സ്വീകരിക്കാന്‍ മറ്റു ടീമുകള്‍ തയാറാവുകയും ചെയ്താല്‍ കൂടുമാറ്റം നടത്താം. സീസണ്‍ പുരോഗമിക്കുമ്പോള്‍ ചില താരങ്ങള്‍ക്ക് അവരുടെ ടീമുകളില്‍ അവസരം ലഭിക്കാതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇത്തരമൊരു ആശയത്തിന് ടീം മാനേജ്‌മെന്റുകളും പച്ചക്കൊടി കാണിച്ചതായാണ് വിവരം. പ്രഗത്ഭര്‍ അടങ്ങിയ ടീമിലേക്ക് എത്തപ്പെടുന്ന രണ്ടാംനിര താരങ്ങള്‍ക്ക് അവസരമില്ലാതെ ഇരിക്കുന്ന അവസ്ഥയും ഇതോടെ മാറും. ലീഗില്‍ പിന്നില്‍ നില്‍ക്കുന്ന ടീമുകള്‍ക്ക് മറ്റു ടീമുകളിലെ അവസാന ഇലവനിലെത്താത്ത കളിക്കാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനും സാധിക്കും.