SHARE

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോളും ക്രിക്കറ്റ് ലോകത്ത് അവസാനിച്ചിട്ടില്ല. ഇന്ത്യയുടെ ഫിസിയോയായ യോഗേഷ് പർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ചാം ടെസ്റ്റിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ പരിഭ്രാന്തി ഉടലെടുത്തതും അതിന്റെ ഫലമായി മത്സരം ആദ്യം നീട്ടിവെക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയതും. എന്നാൽ ആദ്യം നീട്ടിവെച്ച മത്സരം കളിക്കേണ്ടെന്ന് പിന്നീട് ബിസിസിഐയും, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും കൂടിച്ചേർന്ന് തീരുമാനിക്കുകയും ചെയ്തു.

മത്സരം റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തത്. ഇപ്പോളിതാ മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കളികാർക്കും മാനേജ്മെന്റിനുമെതിരെ ഉയരുന്ന വിമർശനങ്ങളെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാഗുലി. ടീം ഫിസിയോയായ പർമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിഞ്ഞത് മുതൽ ഇന്ത്യൻ താരങ്ങൾ ഞെട്ടലിലായിരുന്നുവെന്ന് പറയുന്ന ഗാംഗുലി, അദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നതിനാൽ തങ്ങൾക്കും കോവിഡ് ബാധ പിടിപെട്ടേക്കാമെന്ന് കളികാർ കരുതിയെന്നും അതിനാലാണ് മാഞ്ചസ്റ്റർ ടെസ്റ്റ് കളിക്കാൻ അവർ വിസമ്മതിച്ചതെന്നുമാണ് പറയുന്നത്.

“ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചു. പക്ഷേ നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. ഫിസിയോ യോഗേഷ് പർമാർ കളികാരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു‌. നിതിൻ പട്ടേൽ സ്വയം ഐസൊലേഷനിൽ പോയതിന് ശേഷം ലഭ്യമായ ഒരേയൊരാൾ എന്ന നിലയിൽ അദ്ദേഹം കളികാരുമായി സ്വതന്ത്ര്യമായി ഇടപഴകുകയും, അവരുടെ കോവിഡ് 19 പരിശോധനകൾ പോലും നടത്തുകയും, താരങ്ങളെ മസാജ് ചെയ്യുകയും ചെയ്തു. അദ്ദേഹം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന് കോവിഡ് 19 ആണെന്ന് അറിഞ്ഞപ്പോൾ കളികാർ തകർന്നു പോയി. തങ്ങൾക്ക് രോഗം പിടിപെട്ടിരിക്കാമെന്നും, രോഗം ജീവിതത്തിന് അപകടരകരമായേക്കാമെന്നും അവർ ഭയപ്പെട്ടു. ബബിളിൽ തുടരുന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങൾ തീർച്ചയായും അവരുടെ വികാരങ്ങളെ മാനിക്കണം.” ടെലിഗ്രാഫ് ഇന്ത്യയോട് സംസാരിക്കവെ ഗാംഗുലി വ്യക്തമാക്കി.