SHARE

യൂറോപ്യൻ ഫുട്ബോളിൽ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റുകളാകാൻ തയ്യാറായുള്ളത് ഒരുപിടി സൂപ്പർ താരങ്ങൾ. ബാഴ്സലോണയുടെ സൂപ്പർതാരം ലണയൽ മെസി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാനി. സീസൺ അവസാനിക്കുന്നതോടെ പൂർത്തിയാകുന്ന കരാർ പതുക്കാൻ മെസി തയ്യാറായേക്കില്ലെന്നാണ് സൂചന. ഇതോടെ വരും സീസണിൽ മെസിയെ മറ്റൊരു ക്ലബ് ജേഴ്സിയിൽ കണ്ടാലും അത്ഭുതപ്പെടാനില്ല.

ബാഴ്സയിൽ മെസിയാണങ്കിൽ റയൽ മഡ്രിഡിൽ കരാർ പൂർത്തിയാക്കാനൊരുങ്ങുന്നത് നായകൻ സെർജിയോ റാമോസാണ്. റാമോസിന് റയലിൽ തുടരാനാണ് ആ​ഗ്രഹം. എന്നാൽ കരാർ പുതുക്കുന്ന കാലാവധിയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. എന്നാലും ഒടുവിൽ കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് റാമോസ്

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ താരം സെർജിയോ അ​ഗ്യൂറോയാണ് മറ്റൊരാൾ. സീസൺ അവസാനിക്കുന്നതോടെ സിറ്റിയിലെ അ​ഗ്യൂറോ യു​ഗത്തിന് ഒരു പതിറ്റാണ്ടാകും. ​ഗോളടിക്കുന്നതിൽ അ​ഗ്യൂറോയ്ക്ക് പഞ്ഞമൊന്നുമില്ല, എന്നാൽ അടുത്തിടെയായി നിരന്തരം പരുക്കിന്റെ പിടിയിലാണ് അ​ഗ്യൂറോ. അതിനാൽ തന്നെ താരത്തിന്റെ കരാർ പുതുക്കുമോയെന്ന് സംശയമാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ എറിക് ​ഗാർസിയ സീസണൊടുവിൽ ക്ലബ് വിടുമെന്ന് ഉറപ്പായി. സ്പാനിഷ് സൂപ്പർ ക്ലൂബ് ബാഴ്സലോണയിലേക്കാകും ഈ സെന്റർ ബാക്ക് കൂടുമാറുക. ബയേൺ മ്യൂണിച്ചിന്റെ പ്രതിരോധതാരം ഡേവിഡ് അലബയും ക്ലബ് വിടുമെന്ന് ഏതാണ്ട് ഉറപ്പാണ്.

പി.എസ്.ജിയുടെ ഏയ്ഞ്ചൽ ഡി മരിയ,ലിവർപൂളിന്റെ ജോർജീന്യോ വൈനാൾഡം, എ.സി.മിലാന്റെ ഹക്കാൻ ചാലനോലു, ഒളിംപിക് ലിയോണിന്റെ മെംഫിസ് ഡിപെ തുടങ്ങിയവരുടെയൊക്കെ കരാർ ആറ് മാസത്തിനുള്ളിൽ അവസാനിക്കും.