SHARE

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഇടയിൽ ഉയരുന്ന ചോദ്യമാണ് സുനിൽ ഛേത്രിക്ക് ശേഷം ആര് ഇന്ത്യൻ ദേശീയ ടീമിന്റെ മുൻനിരയെ നയിക്കുമെന്നത്. ജെജെ ലാൽപെഖുലയടക്കം ഒട്ടേറെ താരങ്ങളുടെ പേരുയർന്നെങ്കിലും ഛേത്രിയെ പകരക്കാരുടെ ബെഞ്ചിലേക്ക് സ്ഥിരമായി മാറ്റാൻ ആർക്കുമായില്ല.

36 കാരനായ ഛേത്രി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ക്ലബിലും ദേശീയ ടീമിലും സ്ഥിരം സാന്നിധ്യമാണെങ്കിലും പഴയ ഫോമിന്റെ അടുത്തൊന്നുമല്ല. ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്, ഛേത്രിക്ക് പകരം യുവ മുന്നേറ്റതാരങ്ങളെ ടീമിലെത്താക്കാൻ താൽപര്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോഴും മികവുറ്റ വിശ്വസിക്കാവുന്ന മറ്റൊരു സെന്റർ ഫോർവേഡിനെ കണ്ടെത്താനായില്ലെന്നതാണ് വാസ്തവം.

ഐ.എസ്.എൽ ഏഴാം സീസൺ, അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യൻ ആരാധർക്ക് ചില പ്രതീക്ഷകൾ വന്നുതുടങ്ങി. എ.ടി,കെ മോഹൻ ബ​ഗാന്റെ മൻവീർ സിങ്ങ്, ഹൈദരാബാദിന്റെ ലിസ്റ്റൻ കൊളാസോ, എഫ്.സി. ​ഗോവയുടെ ഇഷാൻ പണ്ഡിത എന്നീ താരങ്ങളാണ് ഛേത്രിക്ക് പിൻ​ഗാമികളാകാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നത്.

എ.ടി.കെയു‌ടെ മുന്നേറ്റനിരയിലെ ഏറ്റവും മികച്ച സാന്നിധ്യങ്ങളിലൊരാളാണ് മൻവീർ. ഇക്കുറി മാത്രം ​ഗോവയിൽ നിന്ന് എ.ടി.കെയിലെത്തിയ താരം നാല് ​ഗോളുകൾ നേടി. മൂന്ന് ​ഗോളിന് വഴിയുമൊരുക്കി. കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ എ.ടി.കെയെ വിജയത്തിലേക്ക് നയിച്ചത് മൻവീറിന്റെ തകർപ്പൻ പ്രകടനമായിരുന്നു.

ഹൈദരാബാദിനായി ലിസ്റ്റൻ നടത്തിയ പ്രകടനവും ഏറെ ശ്രദ്ധ നേടി. ലിസ്റ്റന്റെ വേ​ഗതയും ഡ്രിബ്ലിങ് മികവും കൈയ്യടി നേടി. ഒപ്പം ​ഗോളവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും എടുത്തുപറയേണ്ടത് തന്നെ. പകരക്കാരനായി ഇറങ്ങുമ്പോഴാണ് ലിസ്റ്റൻ ഏറെ അപകടകാരിയാകുന്നത്. ആദ്യ ഇലവനിൽ അവസരം ലഭിച്ചപ്പോൾ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ലിസ്റ്റന് കഴിഞ്ഞില്ല.

ലിസ്റ്റനേയും മൻവീറിനേയും അപേക്ഷിച്ച് കുറേക്കൂടി സെൻട്രൽ റോളിലാണ് ഇഷാൻ കളിക്കുന്നത്. ഐ.എസ്.എല്ലിൽ ​ഗോവയ്ക്കായി പകരക്കാരനായി മാത്രമിറങ്ങിയ ഇഷാൻ ആകെ 21 മിനിറ്റാണ് കളിച്ചത്. എന്നാൽ മൂന്ന് ​ഗോളുകൾ നേടി സൂപ്പർ സബ് എന്ന വിശേഷണം ഇഷാൻ നേടിക്കഴിഞ്ഞു. ആറ് വർഷത്തോളം സ്പെയിനിലെ ക്ലബുകളിൽ കളിച്ച ഇഷാൻ ഇതുവരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഒരു പ്രായവിഭാ​ഗത്തിലും കളിച്ചിട്ടില്ല. ഈ ഐ.എസ്.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലേയും കൂടി പ്രകടനം ഇഷാന് ദേശീയ ടീമിലേക്ക് വാതിൽ തുറക്കുമെന്ന് പ്രതീക്ഷിക്കാം.