SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്കുള്ള വേദിയായി പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പും ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തിയതിനാല്‍ ഐ പി എല്‍ വിടുകയും ചെയ്ത പൂനെ റൈസിംഗ് ജയന്റ്‌സിന്റെ ഹോം വേദിയെന്ന പരിഗണനയിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് പൂനെ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയിരിക്കുകയാണ്. കാവേരി നദിത്തര്‍ക്കവുമായി തമിഴ്‌നാട്ടില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് വേദി മാറ്റിയത്. അതോടെ ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ പൂനെയില്‍ നിന്ന് മാറ്റാനുള്ള ഒരുക്കത്തിലാണ് ഐ പി എല്‍ അധികൃതര്‍. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നിന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ട്, രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാവും’ – രാജീവ് ശുക്ല മാധ്യമങ്ങളോട് വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇനി നടക്കാനിരിക്കുന്ന ആറു ഹോം മത്സരങ്ങളാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുക.