SHARE

വിഖ്യാത പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ എത്തിയതായി റിപ്പോർട്ടുകൾ. വിവിധ മാധ്യമങ്ങളും ഇറ്റാലിയൻ ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. ഇതോടെ വൈകാതെ പി.എസ്.ജി പരിശീലകനായി പോച്ചെറ്റീനോയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അരാധകർ

ക്രിസ്മസ് തലേന്നാണ് പി.എസ്.ജി, ജർമൻ പരിശീലകനായ തോമസ് ടുഷേലിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ തന്നെ ക്ലബ് അർജന്റൈൻ പരിശീലകനായ പോച്ചെറ്റീനോയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. പോച്ചെറ്റീനോ ക്ലബുമായി കരാർ ഒപ്പുവച്ചുകഴിഞ്ഞിട്ട് ദിവസങ്ങളായെന്നാണ് ഫാബ്രിസിയോ അറിയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്ലബ് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും തന്നിട്ടില്ല.

എന്നാൽ ക്രിസ്മസ് ആഘോഷത്തിന് ശേഷം പുതുവത്സരദിനത്തിൽ പോച്ചെറ്റീനോ പാരീസിൽ എത്തിയിട്ടുണ്ട്. ഇതോടെ ഔദ്യോ​ഗിക പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന കാര്യത്തിൽ മാത്രമെ ഇനി സംശയം ബാക്കിയുള്ളു എന്നാണ് സൂചനകൾ. അതേസമയം ടോട്ടനത്തിൽ ഒപ്പമുണ്ടായിരുന്ന ക്രിസ്റ്റ്യൻ എറിക്സൻ, ഡെലി അലി എന്നീ താരങ്ങളെ ഒപ്പം വേണമെന്ന് പോച്ചെറ്റീനോ പി.എസ്.ജി അധികൃതരോട് ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്.