SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റ സൂപ്പർതാരം പോൾ പോ​ഗ്ബ സീസണൊടുവിൽ ക്ലബ് വിടുമെന്ന കാര്യം ഏതാണ്ടുറപ്പായി. മുൻ ക്ലബായ ഇറ്റാലിയൻ ടീം യുവന്റസിലേക്ക് പോ​​ഗ്ബ മടങ്ങാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്. പോ​ഗ്ബയുടെ ഏജന്റായ മിനോ റായോള തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഇടഞ്ഞുനിൽക്കുന്ന പോ​ഗ്ബ കുറച്ചുനാളായി കളിച്ചിട്ടേയില്ല. പരുക്ക് ഭേദമാകാകത്തതാണ് ഇതിന്റെ കാരണമെന്നാണ് ഔദ്യ​ഗിക വൃത്തങ്ങൾ പറയുന്നതെങ്കിലും ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇതിനുപിന്നിലുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് ഈ സീസൺ തുടക്കം മുതൽ തന്നെ പോ​ഗ്ബയ്ക്കായി രം​ഗത്തുണ്ടായിരുന്നു. എന്നാൽ അന്ന് താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നില്ല.

ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകത്തിലും പോ​ഗ്ബ ക്ലബ് വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ പരുക്കേറ്റ താരത്തെ ടീമിലെത്തിക്കാൻ അപ്പോൾ റയലിന് താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോൾ റയൽ ശ്രമങ്ങൾ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് യുവന്റസിലേക്ക് മടങ്ങിപ്പോക്കിന് കളമൊരുങ്ങുന്നത്.

ഇറ്റലി പോ​ഗ്ബയ്ക്ക് സ്വന്തം വീട് പോലെ തന്നെയാണ്, അതിനാൽ യുവന്റസിലേക്ക് മടങ്ങുന്നതിന് ഒരു പ്രയാസവുമില്ല. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. യൂറോ കപ്പ് കഴിയുമ്പോൾ എല്ലാം അറിയാം, റായോള പറഞ്ഞു. 2016-ലാണ് പോ​ഗ്ബ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്