SHARE

ജീവിതത്തിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പരിശീലകൻ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് ആണെന്ന് ഇന്ത്യൻസ്റ്റാർ പേസർ ഇഷാന്ത് ശർമ്മ. കഴിഞ്ഞ ദിവസം ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടത്തിയ ലൈവ് സെഷനിടെയായിരുന്നു ഇഷാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ തനിക്ക് പോണ്ടിംഗ് നൽകിയത് വളരെ വലിയ ആത്മവിശ്വാസമായിരുന്നുവെന്നും ഇഷാന്ത് ലൈവ് സെഷനിടെ കൂട്ടിച്ചേർത്തു.

ഇഷാന്തിന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകൻ റിക്കി പോണ്ടിംഗാണ്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമ്പോൾ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. ആദ്യ ദിനം ക്യാമ്പിലേക്കെത്തുന്ന അരങ്ങേറ്റക്കാരനെപ്പോലെയായിരുന്നു ഏകദേശം ഞാൻ. എന്നാൽ അവിടെ പോണ്ടിംഗ് എനിക്ക് വലിയ രീതിയിൽ ആത്മവിശ്വാസം പകർന്നു നൽകി. ഞാൻ ഒരു‌സീനിയർ താരമാണെന്നും, ടീമിലെ യുവതാരങ്ങളെ സഹായിക്കണമെന്നും പോണ്ടിംഗ് എന്നോട് പറഞ്ഞു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടെന്നും ഞാനാണ് അദ്ദേഹത്തിന്റെ ആദ്യ ചോയിസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” ഇഷാന്ത് പറഞ്ഞുനിർത്തി.