SHARE

ഓസ്ട്രേലിയയിൽ നാശം വിതച്ച കാട്ടുതീ‌ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ചാരിറ്റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. റിക്കി പോണ്ടിംഗ്, ഷെയിൻ വോൺ തുടങ്ങിയ ഇതിഹാസ താരങ്ങൾ ഈ മത്സരത്തിൽ കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത മാസം എട്ടാംതീയതി നടക്കുന്ന ഈ ചാരിറ്റി മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ഓസ്ട്രേലിയൻ റെഡ് ക്രോസ് ഡിസാസ്റ്റർ റിലീഫ് ആൻഡ് റിക്കവറി ഫണ്ടിന് നൽകാനാണ് സംഘാടകരുടെ പദ്ധതി‌.

ടി20 മത്സരമായിരിക്കും ഇതിന് വേണ്ടി സംഘടിപ്പിക്കുക. ഷെയിൻ വോൺ, റിക്കി പോണ്ടിംഗ്, ആഡം ഗിൽക്രിസ്റ്റ്, ഷെയിൻ വാട്സൺ തുടങ്ങിയ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിൽ റിക്കി പോണ്ടിംഗും, ഷെയിൻ വോണുമാകും ടീമുകളെ നയിക്കുക. കാട്ടുതീ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ഇത്തരമൊരു ചാരിറ്റി മത്സരവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ട് വന്നത് ക്രിക്കറ്റ് ലോകത്തിന്റെ വലിയ കൈയ്യടികൾ ഏറ്റുവാങ്ങുന്നുണ്ട്.

അതേ സമയം കാട്ടുതീ ബാധിതരെ സഹായിക്കാൻ പല തരത്തിലുള്ള പദ്ധതികളുമായി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തുന്നുണ്ട്‌. ഇതിന് വേണ്ടിയുള്ള ധന സമാഹരണത്തിനായി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോൺ തന്റെ ടെസ്റ്റ് തൊപ്പി ലേലത്തിൽ വെച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു‌‌. ഈ വർഷത്തെ ബിഗ് ബാഷ് ലീഗിൽ തങ്ങൾ അടിക്കുന്ന ഓരോ സിക്സറിനും 250 ഡോളർ വീതം ചാരിറ്റിക്ക് നൽകുമെന്ന് ഓസ്ട്രേലിയ താരങ്ങളായ ക്രിസ് ലിൻ, ഗ്ലെൻ മാക്സ് വെൽ, ഡാർസി ഷോർട്ട് എന്നിവരും കഴിഞ്ഞയിടയ്ക്ക് പ്രഖ്യാപിച്ചിരുന്നു.