SHARE

യൂറോ കപ്പ് പടിവാതിൽക്കലെത്തിനിൽക്കെ പോളണ്ടിന് കനത്ത തിരിച്ചടി. മുന്നേറ്റനിരയിലെ സൂപ്പർതാരം ക്രിസ്റ്റോഫ് പിയാറ്റെക്കിന് പരുക്കേറ്റതാണ് പോളണ്ടിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. കണ്ണങ്കാലിന് പരുക്കേറ്റ പിയാറ്റെക്കിന് യൂറോ കളിക്കാനാകില്ല.

ജർമൻ ബുന്ദസ്‌ലി​ഗ ക്ലബ് ഹെർത്ത ബെർലിന് വേണ്ടി കളിക്കുന്ന താരമാണ് പിയാറ്റെക്ക്. കഴിഞ്ഞ ദിവസം ഷാൽക്കെയ്ക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പിയാറ്റെക്കിന് പരുക്കേറ്റത്. തുടർന്ന് കളിക്കളം വിട്ട പിയാറ്റെക്കിന് ശസ്ത്രക്രിയവേണ്ടിവരുമെന്നാണ് പോളണ്ട് ദേശീയ ടീം ഡോക്ടർ പറഞ്ഞത്. മൂന്നോ നാലോ മാസം പിയാറ്റെക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇതോടെയാണ് താരത്തിന് അടുത്തമാസം തുടങ്ങുന്ന യൂറോ കപ്പ് നഷ്ടമാകുക.

യൂറോയിൽ സ്പെയിൻ, സ്വീഡൻ, സ്ലോവാക്യ എന്നിവരടങ്ങിയ ​ഗ്രൂപ്പിലാണ് പോളണ്ട് ഉള്ളത്. 2018-ൽ പോളണ്ട് ദേശീയ ടീമിനായി അരങ്ങേറിയ പിയാറ്റെക്ക് ഇതിനകം 18 മത്സരങ്ങൾ കളിച്ചു. എട്ട് ​ഗോളുകളും പിയാറ്റെക്ക് സ്വന്തം പേരിലാക്കി. യൂറോ കപ്പ് യോ​ഗ്യതാ റൗണ്ടിൽ ദേശീയ ടീമിനായി നാല് ​ഗോളുകൾ പിയാറ്റെക്ക് നേടിയിരുന്നു.