SHARE

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്തായ വിവാദ റണ്ണൗട്ടില്‍ അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ കിറോണ്‍ പൊള്ളാര്‍ഡ്. അല്പം വൈകിയാണെങ്കിലും അംപയര്‍ ശരിയായ തീരുമാനമെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നാല്‍പ്പത്തിയെട്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കീമോ പോള്‍ എറിഞ്ഞ പന്ത് മിഡ് ഓഫിലേക്ക് അടിച്ച ജഡേജ റണ്ണിനായി ഓടി. എന്നാല്‍ ജഡേജ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിയെത്തുന്നതിനൊപ്പംപന്തെടുത്ത ഫീല്‍ഡര്‍ വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇത് വിക്കറ്റല്ലെന്ന് വളരെ വേഗം തന്നെ അമ്പയര്‍ വിധിയെഴുതി. പക്ഷേ ജഡേജ നോട്ടൗട്ടെന്ന് വിളിച്ച അമ്പയര്‍ പിന്നീട് തീരുമാനമെടുക്കാന്‍ മൂന്നാം അമ്പയറുടെ സഹായം തേടി. പക്ഷേ, വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ഈ നേരം വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല.

മൂന്നാം അമ്പയറുടെ പരിശോധനയില്‍ ജഡേജ വിക്കറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. ഇത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്ഷുഭിതനാക്കിയിരുന്നു. റണ്ണൗട്ടായ സമയത്ത് തീരുമാനമെടുക്കാന്‍ മൂന്നാം അമ്പയറുടെ സഹായം തേടാന്‍ അമ്പയര്‍ ഏറെ വൈകിയത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. വലിയ ചര്‍ച്ചകളാണ് നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് അരങ്ങേറുന്നത്.