SHARE

ടി10 ക്രിക്കറ്റില്‍ പുതിയ റിക്കാര്‍ഡ് എഴുതി ചേര്‍ത്ത് കെയ്‌റണ്‍ പൊളാര്‍ഡ്. ടീം ശ്രീലങ്കയെ എട്ടുവിക്കറ്റിന് തോല്പിച്ച് കേരള കിംഗ്‌സ് ടി10 ടൂര്‍ണമെന്റില്‍ മൂന്നാംജയം സ്വന്തമാക്കി. മഴ ഇടയ്ക്ക് വിരുന്നെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ എട്ടുവിക്കറ്റിനാണ് കേരള കിംഗ്‌സ് തകര്‍ത്തു വിട്ടത്. സ്‌കോര്‍ ശ്രീലങ്ക മൂന്നിന് 112, കേരള 6.1 ഓവറില്‍ രണ്ടിന് 92. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം കേരളത്തിന്റെ വിജയലക്ഷ്യം എട്ടോവറില്‍ 91 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു.

വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 3.3 ഓവറില്‍ 41 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പൊളാര്‍ഡിന്റെ റിക്കാര്‍ഡിനു മുന്നില്‍ ലങ്കയ്ക്ക് അടിതെറ്റി. വെറും 12 പന്തില്‍ പൊളാര്‍ഡ് അടിച്ചുകൂട്ടിയത് 40 റണ്‍സ്. മറ്റൊരു വിന്‍ഡീസ് താരമായ ചട്‌വിക് വാള്‍ട്ടണ്‍ 21 പന്തില്‍ 47 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്കി.

പൊളാര്‍ഡിന്റെ 40 റണ്‍സില്‍ 36 റണ്‍സും പിറന്നത് സിക്‌സറിലൂടെയാണ്. കുട്ടിക്രിക്കറ്റില്‍ ഇതൊരു റിക്കാര്‍ഡാണ്. ആദ്യമായിട്ടായിരിക്കും ഒരു താരം ചെറിയ ഫോര്‍മാറ്റില്‍ ബൗണ്ടറി നേടാതെ 40 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‌സിനോട് പൂജ്യത്തിനു പുറത്തായതിന്റെ നാണക്കേടും ഇതോടെ പൊളാര്‍ഡ് കഴുകി കളഞ്ഞു.