SHARE

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര നേടിയതിന്റെ സന്തോഷത്തിലാണ് ടീം‌ ഇന്ത്യ. ഒരു മത്സരം ബാക്കി നിൽക്കേ 4-1 നായിരുന്നു പരമ്പരയിൽ ഇന്ത്യയുടെ കിരീട ധാരണം. പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേയും, ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്ക‌ൻ നായകൻ ഷോൺ പൊള്ളോക്ക്.

ഹാർദിക്ക് പാണ്ട്യയിൽ തന്നെത്തന്നെയാണ് ഇന്ത്യൻ നായകൻ കാണുന്നതെന്നും, കളിക്കളത്തിലെ പാണ്ട്യയുടെ മനോഭാവം കോഹ്ലിയെ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുത്താൻ കാരണമാകുന്നുണ്ടെന്നും പറയുന്ന പൊള്ളോക്ക്, ഇത് പാണ്ട്യക്ക് ദീർഘകാലം ഇന്ത്യൻ ടീമിൽ കളിക്കാൻ സഹായകമാകുമെന്നും കൂട്ടിച്ചേർത്തു. കോഹ്ലിയെപ്പോലെ പിന്തുണ നൽകുന്ന ഒരു ക്യാപ്റ്റനുള്ളത് പാണ്ട്യയെ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ പ്രാപ്തനാക്കുമെന്നും, ഇങ്ങനത്തെ ഒരു ക്യാപ്റ്റനെ ലഭിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നുമാണ് പൊള്ളോക്കിന്റെ പക്ഷം.

കേപ് ടൗൺ ടെസ്റ്റിനെ പാണ്ട്യ സമീപിച്ച രീതി തന്നെ വളരെ ആകർഷിച്ചു. മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ഇത് പോലെ പൊട്ടെൻഷ്യൽ ഉള്ള ധാരാളം താരങ്ങളെ താൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതിനെ അടുത്ത തലത്തിലേക്ക് എത്തിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. പൊള്ളോക്ക് പറഞ്ഞു നിർത്തി. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ പാടേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാണ്ട്യ കാഴ്ച്ച വെക്കുന്നത്. പാണ്ട്യയെ ഏകദിന ടീമിൽ നിന്ന് പുറത്താക്കി അക്ഷർ പട്ടേലിനെ പകരം കളിപ്പിക്കണമെന്ന് വിമർശകർ ആവശ്യപ്പെടുമ്പോളാണ് പാണ്ട്യയെ പുകഴ്ത്തി പൊള്ളോക്ക് രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.