SHARE

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഷോൺ പൊള്ളോക്ക്. 393 ഏകദിന വിക്കറ്റുകളും, 421 ടെസ്റ്റ് വിക്കറ്റുകളും നേടിയിട്ടുള്ള പൊള്ളോക്ക്, കളിച്ച് കൊണ്ടിരുന്ന സമയത്ത് ബാറ്റ്സ്മാന്മാരുടെയെല്ലാം പേടി സ്വപ്നമായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ഇൻസമാം ഉൾ ഹഖ് തുടങ്ങിയ സ്റ്റാർ ബാറ്റ്സ്മാന്മാർ കളിച്ചിരുന്ന അതേ കാലഘട്ടത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നിത്തിളങ്ങിയിരുന്ന പൊള്ളോക്ക് ഇപ്പോളിതാ താൻ കളിച്ച് കൊണ്ടിരുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് താൻ കളിച്ചിരുന്ന സമയത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി പൊള്ളോക്ക് ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും ഉപഭൂഖണ്ഡത്തിൽ കളിക്കുമ്പോൾ സച്ചിനെതിരെ പന്തെറിയുക ബുദ്ധിമുട്ടായിരുന്നുവെന്നും, അദ്ദേഹത്തെ പുറത്താക്കാൻ പദ്ധതികൾ മെനയുന്നതിന് പകരം അദ്ദേഹം തെറ്റുകൾ വരുത്താൻ ആഗ്രഹിക്കുകയായിരുന്നു തങ്ങൾ അന്ന് ചെയ്തിരുന്നതെന്നും പൊള്ളോക്ക് കൂട്ടിച്ചേർത്തു.

അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി തവണ സച്ചിനെ കുഴക്കിയിട്ടുള്ള ബോളറാണ് പൊള്ളോക്ക്. ഏകദിനത്തിൽ മാത്രം 9 തവണയാണ് സച്ചിൻ, പൊള്ളോക്കിന് മുൻപിൽ വീണത്. കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും 2008 ലെ ആദ്യ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്.