SHARE

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അടുത്ത മാസം മൂന്നിന് ഡെൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിന് വെല്ലുവിളിയായി അവിടുത്തെ വായു മലിനീകരണം. നിലവിൽ ഡെൽഹിയിലെ വായു വളരെ മോശമാണ്. ദീപാവലിക്ക് ഒരാഴ്ച മാത്രം ശേഷം നടക്കാനിരിക്കുന്ന ഈ മത്സരത്തിൽ അവിടുത്തെ വായു കൂടുതൽ മലിനമാക്കപ്പെടാൻ സാധ്യതയുണ്ടെന്നും, അത് കൊണ്ട് തന്നെ ആദ്യ ടി20 യെ ഇവിടുത്തെ മലിനീകരണം കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ദീപാവലിക്ക് രണ്ട് ദിനം മുൻപ് ഡെൽഹിയിലെ വായുവിന്റെ ക്വാളിറ്റി വളരെ മോശമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് 0-50 വരെയാണ് മികച്ച എയർ ക്വാളിറ്റി. 301-400 വരെയുള്ള അളവാണ് വളരെ മോശമായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം 357 ആയിരുന്നു ഡെൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ്. എയർ ക്വാളിറ്റി ഇൻഡക്സ് 400 ന് മുകളിലാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതേ സമയം മലിനീകരണം നല്ല രീതിയിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നിട്ടും ഡെൽഹിയ്ക്ക് ഈ മത്സരം അനുവദിച്ച് നൽകിയ ബിസിസിഐ നീക്കത്തെ ക്രിക്കറ്റ് പ്രേമികൾ ശക്തമായി വിമർശിക്കുന്നുണ്ട്‌. എന്നാൽ റോട്ടേഷൻ പോളിസി അനുസരിച്ചാണ് ഡെൽഹിയിൽ മത്സരം അനുവദിച്ചതെന്ന് ബിസിസിഐ അധികൃതർ പറയുന്നു.

എന്നാൽ ഇതാദ്യമായല്ല ഡെൽഹിയിലെ‌മോശം വായുവും, മൂടൽമഞ്ഞും ക്രിക്കറ്റ് മത്സരങ്ങൾക്ക് തലവേദനയായി ഉയർന്ന് വരുന്നത്. 2016 ൽ മോശം വായുവും, മൂടൽമഞ്ഞും കാരണം ഡെൽഹിയിൽ നടക്കാനിരുന്ന രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ റദ്ദാക്കിയിരുന്നു. 2017 ൽ ഫിറോസ് ഷാ കോട്ലയിൽ, ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിലും സമാന കാര്യം വില്ലനായി‌. അന്ന് മാസ്ക് ഉപയോഗിച്ച് കളിക്കാനെത്തിയ ശ്രീല‌ങ്കൻ താരങ്ങളിൽ ചിലർക്ക് കളിക്കിടെ ഛർദ്ദിലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും നേരിട്ടിരുന്നു.