SHARE

ലോകകപ്പിന്റെ ആവേശം എല്ലാ കാലത്തും നെഞ്ചില്‍ കൊണ്ട് നടക്കുന്നവരാണ് മലയാളികള്‍. ഓരോ ലോകകപ്പ് വരുമ്പോഴും ഇഷ്ടരാജ്യങ്ങളുടെ കൊടിതോരണങ്ങള്‍ വാനിലുയര്‍ത്തി കെട്ടാന്‍ ആവേശം കാണിക്കുന്നവര്‍. ഒരു മാസക്കാലം ജര്‍മ്മനിക്കും ബ്രസീലിനും അര്‍ജന്റീനയ്ക്കും സ്‌പെയിനിനും പോര്‍ച്ചഗലിനും ഇംഗ്ലണ്ടിനും വേണ്ടി ജയ് വിളിക്കുന്നവര്‍. തെരുവുകള്‍ തോറുമുള്ള കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളും ലോകകപ്പ് കാലത്തെ പ്രധാന ആകര്‍ഷണമാണ്.

പോർച്ചുഗൽ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സ്റ്റാറ്റസ്

അങ്ങനെ കേരളത്തില്‍ നിന്നുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പോര്‍ച്ചുഗീസുകാര്‍ ഏറ്റെടുത്ത സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് നിന്നുള്ള പോര്‍ച്ചുഗീസ് ആരാധകര്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചത്. ഇന്ത്യയിലെ ആരാധകരും ലോകകപ്പിന്റെ ആവേശത്തില്‍ എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കണ്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

പോർച്ചുഗൽ ദേശീയ ടീമിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട്

ഇത്തവണ ലോകകപ്പില്‍ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗലിന്റെ സ്ഥാനം. സ്‌പെയിനെതിരെ 15നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. നേരത്തെ സൗദി അറേബ്യ ടീമിനെ പ്രഖ്യാപിച്ച് കൊണ്ട് ഇറക്കിയ വീഡിയോയില്‍ മലയാളത്തിനും സ്ഥാനം നല്‍കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.