SHARE

ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് ഒരു ഗോള്‍ വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്. റഷ്യന്‍ ലോകകപ്പിലെ റൊണാള്‍ഡോയുടെ നാലാം ഗോളാണ് മത്സരത്തില്‍ പിറന്നത്. പരാജയത്തോടെ മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചു. ആദ്യ മത്സരത്തിൽ അവർ ഇറാനോട് പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്റെ നാലാം മിനുട്ടിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. തുടക്കത്തില്‍ തന്നെ ലഭിച്ച കോര്‍ണര്‍ കിക്ക് കിടിലന്‍ ഹെഡറിലൂടെ സൂപ്പര്‍ താരം മൊറോക്കോ വലയിലാക്കുകയായിരുന്നു. പോർച്ചുഗലിന് വേണ്ടി 85ാം തവണ എതിർവല കുലുക്കിയ റൊണാൾഡോ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന യൂറോപ്പ്യന്‍ താരമായി മാറുകയും ചെയ്തു.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡിലാണ് പോര്‍ച്ചുഗല്‍ അവസാനിപ്പിച്ചത്. തുടക്കത്തില്‍ വഴങ്ങിയ ഗോളിന്റെ സമ്മര്‍ദ്ദമില്ലാതെ മൊറോക്കോ കളി തുടര്‍ന്നതോടെ ഇരുഭാഗത്ത് നിന്നും മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍ കൂടുതല്‍ ഗോളുകളൊന്നും മത്സരത്തില്‍ പിറന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ച പോര്‍ച്ചുഗല്‍ വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.