SHARE

പ്രഥമ യുവേഫ നേഷൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ. കലാശപ്പോരാട്ടത്തിൽ നെതർലൻഡ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗലിന്റെ കിരീട നേട്ടം. യൂറോ കപ്പിൽ ജേതാക്കളായതിന് ശേഷം പോർച്ചുഗൽ നേടുന്ന ഏറ്റവും തിളക്കമുള്ള കിരീടമാണിത്.

സ്വന്തം കാണികളുടെ മുന്നിൽ നടന്ന കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് പോർച്ചുഗൽ ശ്രമിച്ചത്. ക്രിസ്റ്റ്യാനോയും, ബെർണാഡോയും ആക്രമിച്ച് കളിച്ചതോടെ ഡച്ച് പ്രതിരോധത്തിന് പിടിപ്പത് പണിയായി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ച ഗോൾ പിറന്നത് മത്സരത്തിന്റെ അറുപതാം മിനുറ്റിലാണ്. ഗുയ്ഡസായിരുന്നു തകർപ്പൻ ഗോൾ നേടിയത്. ബെർണാഡോയാണ് ഈ ഗോളിന്‌ വഴിയൊരുക്കിയത്. തുടർന്നുള്ള സമയം ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിയാതെ വന്നതോടെ മത്സരം പോർച്ചുഗലിന് സ്വന്തമാവുകയായിരുന്നു.

അതേ സമയം ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നേരത്തെ ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയിരുന്നു‌. നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ഗോൾകീപ്പർ പിക്ക് ഫോഡിന്റെ മികവിലാണ് ഇംഗ്ലണ്ട് 6-5 ന് ജയം കണ്ടത്.