SHARE

യൂറോപ്പാ ലീ​ഗിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി പോർച്ചു​ഗീസ് താരം ജാവോ ഫെലിക്സിന്. പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയുടെ താരമായ ഫെലിക്സ് കഴിഞ്ഞ ദിവസം ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെതിരെയാണ് ഈ നേട്ടം കൈവരിച്ചത്.

ബെൻഫിക്കയുടെ മൈതാനത്ത് നടന്ന ക്വാർട്ടർ ആദ്യ പാദ പോരിലാണ് ഫെലികിസ്ന്റെ ​ഗോൾ വേട്ട. മത്സരത്തിന്റെ 21-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ചാണ് ഫെലിക്സ് ​ഗോൾവേട്ട തുടങ്ങിയത്. പിന്നീട് 43, 54 മിനിറ്റുകളിൽ കൂടി ​ഗോൾ നേടി ഫെലിക്സ് ഹാട്രിക്ക് പൂർത്തിയാക്കി. ഈ ചരിത്രനേട്ടം കുറിക്കുമ്പോൾ ഫെലിക്സിന്റെ പ്രായം 19 വയസും 152 ദിവസവുമാണ്.

2014-ൽ ക്രൊയേഷ്യൻ താരമായ മാർക്കോ പാക്കാ നേടിയ റെക്കോർഡാണ് ഫെലിക്സ് മറികടന്നത്. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാ​ഗ്രെബിനായി സ്കോട്ലൻഡ് ക്ലബ് കെൽറ്റിനിക്കിനെതിരെയായിരുന്നു പാക്ക ഹാട്രിക്ക് നേടിയത്.