ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളുരു എഫ്സി ഇക്കുറി നടത്തിയ പ്രധാന സൈനിങ്ങാണ് പ്രഭീർ ദാസിന്റേത്. എടികെ മോഹൻ ബഗാനിൽ നിന്നാണ് റൈറ്റ് ബാക്കായ പ്രഭീർ ബെംഗളുരുവിലേക്ക് കൂടുമാറുന്നത്. മൂന്ന് വർഷത്തെ കരാറാണ് ബെംഗളുരുവുമായി പ്രഭീർ ഒപ്പുവച്ചിരിക്കുന്നത്.
ബെംഗളുരുവിൽ ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഛേത്രിക്കൊപ്പം കളിക്കാനാകുമെന്നതാണ് പ്രഭീറിനെ ഏറ്റവും ആവേശഭരിതനാക്കുന്നത്. ഛേത്രിക്കൊപ്പം ഡ്രെസിങ് റൂം പങ്കിടുകയെന്നത് തനിക്കൊരു സ്വപ്നം യാഥാർഥ്യമായതുപോലെയാണെന്നാണ് പ്രഭീർ പറയുന്നത്. ഐഎസ്എൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിലണ് പ്രഭീർ ഇക്കാര്യം വിശദീകരിച്ചത്.
ചേത്രിക്കൊപ്പ ഡ്രെസിങ് റൂം പങ്കിടുകയെന്നത് എന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്, ഛേത്രികൊപ്പം കളിക്കാനും പരിശീലനം നടത്താനും കഴിയുന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റേയും ആഗ്രഹമാണ്, എനിക്കിപ്പോൾ ആ ഭാഗ്യം ലഭിക്കാൻ പോകുകയാണ്, ഛേത്രി അദ്ദേഹത്തിന്റെ അനുഭവങ്ങൾ എന്നോട് പങ്കുവയ്ക്കുമെന്ന് ഞാൻ കരുതുന്നു, അത് എനിക്കൊരു നിധി ആയിരിക്കും, 20 വർഷത്തോളം ഇത്ര ഉയർന്ന തലത്തിൽ കളിച്ചിട്ടും അദ്ദേഹം ഫിറ്റ്നെസ് നിലനിർത്തുന്നതിന്റെ രഹസ്യം എന്താണെന്നും എനിക്ക് ചോദിച്ചറിയണം, ഛേത്രിയെ കാണാനും സംസാരിക്കാനുമാണ് ഞാനിപ്പോൾ ഏറ്റവുമധികം കാത്തിരിക്കുന്നത്, പ്രഭീർ പറഞ്ഞു.