SHARE

ആദ്യം കളി മറന്നെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലനമത്സരത്തിൽ അവസാനം ഇന്ത്യൻ ബോളർമാർ ഫോമിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ മൂന്നാം ദിനത്തെ രണ്ടാം സെഷനിൽ ഒരു ഘട്ടത്തിൽ 213/2 എന്ന നിലയിലായിരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയെ 23 റൺസെടുക്കുന്നതിനിടയിൽ 4 വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യൻ ബോളർമാർ ആഞ്ഞടിച്ചത്. മത്സരത്തിന്റെ അവസാന വിവരംലഭിക്കുമ്പോൾ 238/6 എന്ന നിലയിലാണ് അവർ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 120 റൺസ് പിന്നിലാണ് ഇപ്പോളും അവർ.

24/1 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണർമാരായ ഡാർസി ഷോർട്ടും 74 റൺസ്, മാക്സ് ബ്രയാന്റും 62 റൺസും ചേർന്ന് 114 റൺസിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തകർപ്പൻ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിന്റെ കരുത്തിൽ മികച്ച‌സ്കോറിലേക്ക് കുതിക്കുകയായിരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തകർച്ച തുടങ്ങിയത് 213/2 എന്ന സ്കോറിൽ നിൽക്കെയാണ്. 35 റൺസെടുത്ത നായകൻ സാം വൈറ്റിനെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

പിന്നാലെ തുടർച്ചയായി ഓസീസിന് വിക്കറ്റുകൾനഷ്ടമാവുകയായിരുന്നു. 213/2 എന്ന നിലയിൽ നിന്ന് 21 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് 4 വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യൻ ബോളിംഗിലെ താരം. ഉമേഷ് യാദവ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 238/6 എന്ന നിലയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.