SHARE

വെസ്റ്റിൻഡീസിനെതിരായ ഏകദിന‌ പരമ്പര 3-0 ന് തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്ക്ക് തിരിച്ചടി നൽകുന്ന വാർത്ത‌. ഇതേ എതിരാളികൾക്കെതിരെ തന്നെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപ് തങ്ങളുടെ സൂപ്പർ താരങ്ങളായ നുവാൻ പ്രദീപ്, ധനഞ്ജയ ഡിസിൽ വ എന്നിവർക്ക് പരിക്കേറ്റതാണ് ലങ്കയ്ക്ക് തലവേദനയായിരിക്കുന്നത്‌‌.

പരിക്കിന്റെ പിടിയിലായ ഡിസിൽ വയും, പ്രദീപും, വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക ‌പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. ലങ്കയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്. നേരത്തെ വിൻഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു നുവാൻ പ്രദീപിന്റെ പിൻ തുട ഞരമ്പിന് പരിക്കേറ്റത്. ഈ പരിക്കിൽ നിന്ന് മോചിതനാവാൻ ആറാഴ്ച സമയമാണ് ഡോക്ടർമാർ പ്രദീപിന് നിർദ്ദേശിച്ചിരിക്കുന്നത്‌. ഡിസിൽ വയുടെ കൈക്കുഴയ്ക്കാണ് പരിക്ക്. നുവാൻ പ്രദീപിന് പകരം അസിത ഫെർണാണ്ടോയെ ശ്രീലങ്ക‌ ടി20 ടീമിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും, ഡിസിൽ വയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല‌.