SHARE

മാന്യന്‍മാരുടെ കളിയായാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. രാഹുല്‍ ദ്രാവിഡും ജാക്വസ് കാലിസും സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കമുള്ള താരങ്ങള്‍ കളി കൊണ്ടും ഫീല്‍ഡില്‍ കാണിക്കുന്ന മാന്യത കൊണ്ടും ആരാധകരുടെ മനസ്സില്‍ സ്ഥാനം നേടിയ താരങ്ങളാണ്.

എന്നാല്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയുടെ ക്രിക്കറ്റ് ഫീല്‍ഡിലെ പെരുമാറ്റം ഇത്തിരി കടന്നു പോയെന്നാണ്  ആരാധകര്‍ പറയുന്നത്. ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലാണ് സംഭവം. പ്രഗ്യാന്‍ ഓജ എറിഞ്ഞ പന്ത് ബാറ്റ്‌സ്മാന്‍ കൂറ്റന്‍ സിക്‌സറിന് പറത്തി. ഇതോടെ ദേഷ്യത്തോടെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ മൂന്ന് സ്റ്റമ്പുകളും താരം ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഓജ 24 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിനങ്ങളുമാണ് ഇന്ത്യക്ക് വേണ്ടി കഴിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 113 വിക്കറ്റുകളും ഏകദിനത്തില്‍ 21 വിക്കറ്റുകളുമാണ് ഓജ നേടിയിട്ടുള്ളത്. 107 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 423 വിക്കറ്റുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.