SHARE

ഇന്ത്യയിലെ ഏറ്റവും മികച്ച റഫറിക്കുള്ള അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ് പ്രന്‍ജല്‍ ബാനര്‍ജി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം നിയന്ത്രിച്ച റഫറിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു മാസം മുമ്പ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ മത്സരത്തിലും ബാനര്‍ജി വിവാദത്തില്‍ പെട്ടിരുന്നു. അന്ന് സന്ദേശ് ജിംഗനെതിരേ ഹാന്‍ഡ്‌ബോളിന് പെനാല്‍റ്റി നല്കിയ ബാനര്‍ജിക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ബാനര്‍ജി കേരളത്തിന് വില്ലനായില്ല. എങ്കിലും വിവാദ സ്ഥാനത്തു തന്നെ.

മുംബൈയ്‌ക്കെതിരേ മാര്‍ക് സിഫ്‌നോസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് നിശ്ചിത സ്ഥലത്തുനിന്നും അഞ്ചുമീറ്റര്‍ മാറിയാണ് കറേജ് പെര്‍ക്കൂസണ്‍ കിക്കെടുത്തത്. മുംബൈ താരങ്ങള്‍ക്ക് ചലിക്കാന്‍ കഴിയുംമുമ്പേ പാസ് സ്വീകരിച്ച ഇയാന്‍ ഹ്യൂം വലയില്‍ പന്തെത്തിക്കുകയും ചെയ്തു. ഗോളല്ലെന്ന് മുംബൈ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത്തരം ഞൊടിയിടയിലെ ഫ്രീകിക്കുകള്‍ ലോക ഫുട്‌ബോളില്‍ ആദ്യത്തെ സംഭവമൊന്നുമല്ല. പല ടീമുകളും ഇത്തരത്തില്‍ ഗോള്‍ നേടിയിട്ടുണ്ടെന്നതാണ് ചരിത്രം.

ഫിഫയുടെ റഫറി പാനലില്‍ ഉള്ളയാളാണ് ബാനര്‍ജി. 2018 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നിയന്ത്രിച്ച ഇന്ത്യയില്‍ നിന്നുള്ള നാലുപേരില്‍ ഒരാള്‍. ഐലീഗില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബിയൊക്കെ സുഗമമായി നിയന്ത്രിച്ച ചരിത്രമുണ്ട് ബാനര്‍ജിക്ക്. മികച്ച റഫറിയായിട്ടാണ് വിലയിരുത്തപ്പെടുന്ന അദേഹത്തിന് ഈ സീസണിലെ ഐഎസ്എല്‍ അത്ര സുഖകരമായ ഓര്‍മകളല്ല സമ്മാനിക്കുന്നത്. ലീഗിലെ റഫറിമാരുടെ നിലവാരം തീരെ പോരൊന്ന് മിക്ക കോച്ചുമാരും പരാതിപ്പെട്ടിരുന്നു.