മലയാളി സൂപ്പർതാരം കെ പ്രശാന്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരും. സൂപ്പർ ക്ലബായ ചെന്നൈയിൻ എഫ്സിയാണ് പ്രശാന്തിന്റെ പുതിയ തട്ടകം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു.
25-കാരനായ പ്രശാന്ത് വിങ്ങറാണ്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. 2023 വരെ ക്ലബിൽ തുടരാൻ അവസരമുണ്ടായിട്ടും, കഴിഞ്ഞയിടയ്ക്ക് പ്രശാന്ത് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്നാണിപ്പോൾ അയൽക്കാരും ചിരവൈരികളുമായ ചെന്നൈയിനുമായി പ്രശാന്ത് കൈകൊടുക്കുന്നത്.
ബ്ലാസ്റ്റേഴ്സിനായി 61 ഐഎസ്എൽ മത്സരങ്ങളിൽ പന്തുതട്ടിയ താരമാണ് പ്രശാന്ത്. കഴിഞ്ഞ സീസണിൽ ക്ലബിനായി തന്റെ ആദ്യ ഗോളും പ്രശാന്ത് നേടിയിരുന്നു. മുമ്പ് ഐ-ലീഗിൽ ചെന്നൈ സിറ്റിക്കായും പ്രശാന്ത് കളിച്ചിട്ടുണ്ട്.