SHARE

മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന ടൊയോട്ടാ യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. വമ്പന്‍ പരാജയമേറ്റു വാങ്ങിയെങ്കിലും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി കയ്യടി നേടിയിരുന്നു മലയാളി യുവതാരം കെ പ്രശാന്ത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ പ്രശാന്ത് എ ലീഗിലെ വമ്പന്‍മാര്‍ക്കെതിരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തിയത്.

പ്രശാന്തിനെ മികവിലേക്കുയര്‍ത്തിയതില്‍ കോച്ച് ഡേവിഡ് ജെയിംസിനും വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണ് ശേഷം ഫിന്‍ലന്‍ഡിലെ മുന്‍നിര ക്ലബായ സിയനാ ജുവാന്‍ ജാല്‍ക്കാപല്ലോകൊറോയില്‍ ഒരു മാസത്തോളം പ്രശാന്തിനെ പരിശീലനത്തിനായി അയച്ചിരുന്നു. ഫിന്‍ലന്‍ഡിലെ പരിശീലനം പ്രശാന്തിനെ ഐ എസ് എല്ലിലും മികവിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിനിടെ തന്റെ കരിയറിനെ കുറിച്ച് തുറന്നു പറയുകയാണ് പ്രശാന്ത്.

‘ എല്ലാ മേഖലകളിലും ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്, ഡാന്‍സറാവാന്‍ ശ്രമിച്ച്, ഒരു റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ വരെ പങ്കെടുത്തിട്ടുണ്ട്, മൗണ്ടെയിന്‍ സൈക്ലിംഗിലും പരിശീലനം നടത്തി, കോഴിക്കോട് അണ്ടര്‍ 12 ക്രിക്കറ്റ് ക്യാമ്പിലും പങ്കെടുത്തു, അത്‌ലറ്റിക്‌സില്‍ ഒരു ശ്രമം നടത്താന്‍ പറഞ്ഞത് എന്റെ ചേട്ടനായിരുന്നു, അവിടെ ഞാന്‍ സമ്മാനങ്ങള്‍ നേടി, ആ സമയത്ത് ഞാന്‍ ഫുട്‌ബോള്‍ കാണാനും പഠിക്കാനും തുടങ്ങി, കോഴിക്കോട്ടെ വിഷന്‍ ഇന്ത്യ ക്യാമ്പില്‍ നടന്ന ട്രയല്‍സില്‍ പങ്കെടുത്തു, അവിടെ നിന്നാണ് ഞാന്‍ ഒരു ഫുട്‌ബോളറായി വളരുന്നത്’ – പ്രശാന്ത് ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.