SHARE

കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം കേരളത്തില്‍ നിന്നുള്ള മൂന്ന് ടീമുകളെയും ഐ ലീഗ് ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റി എഫ്.സിയെയും ഉള്‍പ്പെടുത്തി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) ആസൂത്രണം ചെയ്തിരുന്ന പ്രീസീസണ്‍ ടൂര്‍ണമെന്റ് ഒഴിവാക്കി. ബ്ലാസ്റ്റേഴ്‌സ് കേരളത്തിലെ പ്രീസീസണ്‍ ടൂര്‍ണമെന്റിനോട് വിമുഖത കാട്ടിയതാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൂര്‍ണമെന്റ് വേണ്ടെന്ന് വെയ്ക്കാന്‍ കെ.എഫ്.എയെ പ്രേരിപ്പിച്ചത്.

ഫണ്ട് സമാഹരണം കൂടി ലക്ഷ്യമിട്ടായിരുന്നു നാലു ടീമുകള്‍ പങ്കെടുക്കുന്ന പ്രീസീസണ്‍ ടൂര്‍ണമെന്റിനായുള്ള ആലോചനകള്‍ കെ.എഫ്.എ നടത്തിയിരുന്നത്. ബ്ലാസ്റ്റേഴ്‌സിനും ചെന്നൈ സിറ്റിക്കും പുറമെ ഗോകുലം കേരള എഫ്.സി, കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീം എന്നിവരായിരുന്നു മറ്റു ടീമുകള്‍.

സ്‌പോണ്‍സര്‍മാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഗള്‍ഫ് പ്രീസീസണ്‍ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തിരിച്ചെത്തിയതോടെയാണ് ഡ്രീം ടൂര്‍ണമെന്റിനെ കുറിച്ച് കെ.എഫ്.എ ആലോചിച്ചു തുടങ്ങിയത്. ഗോകുലവും ചെന്നൈയിന്‍ സിറ്റിയും ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സില്ലാതെ ടൂര്‍ണമെന്റ് നടത്തുന്നത് നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലില്‍ കെ.എഫ്.എ ടൂര്‍ണമെന്റ് പദ്ധതിയുമായി ഇനി മുന്നോട്ട് പോവേണ്ടതില്ലെന്നും തീരുമാനിച്ചു.

ടൂര്‍ണമെന്റ് ഉപേക്ഷിച്ചെങ്കിലും കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീമും ഗോകുലം കേരള എഫ്.സിയുമായുള്ള മത്സരത്തിന് കെ.എഫ്.എ വഴിയൊരുക്കിയിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അഞ്ചു മത്സരങ്ങളാണ് ഇരുടീമുകളും തമ്മില്‍ കളിക്കുക.