SHARE

ജൂൺ ഒന്നിന് മുംബൈയിൽ ആരംഭിക്കാനിരിക്കുന്ന ഇന്റർകോണ്ടിനന്റൽ ചതുർ രാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളായ ക്രിസ് വുഡിനും വിൻസ്റ്റൺ റീഡിനും ടൂർണമെന്റിൽ നിന്ന് ന്യൂസിലൻഡ് പരിശീലകൻ ഫ്രിറ്റ്സ് ഷിംഡ് വിശ്രമം അനുവദിച്ചപ്പോൾ, മേജർ ലീഗ് സോക്കർ കളിക്കുന്നതിനാൽ മറ്റ് ചില പ്രമുഖ താരങ്ങളെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ വിജയ പ്രതീക്ഷ വർധിച്ചു.

മധ്യ നിര താരങ്ങളായ ടിം പെയിനും, ക്ലേട്ടൺ ലെവിസുമാണ് 23 അംഗ ന്യൂസിലൻഡ് ടീമിലെ പരിചയസമ്പന്നർ. ടീമിലെ ആറ് പേർ പുതുമുഖങ്ങളാണ്. ജൂൺ രണ്ടിന് കെനിയക്കെതിരായ പോരാട്ടത്തോടെയാണ് ന്യൂസിലൻഡ് ഇന്റർകോണ്ടിനന്റൽ കപ്പിന് തുടക്കമിടുന്നത്. തുടർന്ന് അഞ്ചാം തീയതി ചൈനീസ് തായ്പേയുമായും, ഏഴാം തീയതി ആതിഥേയരായ ഇന്ത്യയുമായും അവർ ഏറ്റുമുട്ടും.

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്റർകോണ്ടിനന്റൽ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ. ലോകകപ്പിൽ പങ്കെടുത്ത് പരിചയമുള്ള ന്യൂസിലൻഡ് തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകളെങ്കിലും പ്രധാന താരങ്ങളില്ലാതെ കളിക്കാനെത്തുന്ന അവർക്ക് ശക്തമായ വെല്ലുവിളി നൽകാൻ ടീം ഇന്ത്യയ്ക്ക് കഴിയും.

അടുത്ത മാസം ഒന്നാം തീയതി മുതൽ പത്താം തീയതി വരെ മുംബൈയിലാണ് ഇന്റർകോണ്ടിനന്റൽ കപ്പ് നടക്കുക. നാല് ടീമുകളും ഓരോ തവണ വീതം പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇതിന്റെ മത്സരക്രമം. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെല്ലാം മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ കെൽപ്പുള്ളവരാണെന്നതിനാൽ മത്സരങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മികച്ച കാഴ്ച്ചാനുഭവമായിരിക്കും എന്നത് തീർച്ച.