SHARE

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക്ക് തകർപ്പൻ വിജയം‌. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന്‌ഗോളുകൾക്ക് ആസ്റ്റൺ വില്ലയെയാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. റഹീം സ്റ്റെർലിംഗ്, ഡേവിഡ് സിൽവ, ഗുണ്ടോഗൻ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

അതേ സമയം ബേൺലിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തകർത്തത്. പുലിസിച്ചിന്റെ ഹാട്രിക്കായിരുന്നു കളിയിലെ ഹൈലൈറ്റ്. പുലിസിച്ചിന് പുറമേ വില്ല്യനാണ് ചെൽസിക്കായി ഗോൾ നേടിയത്. 86 മിനുറ്റുകൾവരെ 4 ഗോളുകൾക്ക് പിറകിൽ നിന്ന ബേൺലി, 86, 89 മിനുറ്റുകളിൽ ഗോളുകൾ നേടിയാണ് പരാജയ ഭാരം കുറച്ചത്. റൊഡ്രീഗസ്, മക്നീൽ എന്നിവരായിരുന്നു അവരുടെ ഗോൾ സ്കോറേഴ്സ്.

ഇന്നലത്തെ വിജയങ്ങളോടെ സിറ്റി, ചെൽസി ടീമുകൾ ലീഗ് പോയിന്റ് പട്ടികയിൽ മുന്നിലേക്കും കയറി. 10 മത്സരങ്ങളിൽ 22 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും, 10 മത്സരങ്ങളിൽ അത്ര തന്നെ പോയിന്റുകളുള്ള ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുമാണ്.