SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച നടന്ന മത്സരങ്ങളില്‍ മുന്‍നിര ടീമുകളായ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സി , ലിവര്‍പൂള്‍ എന്നിവര്‍ക്ക് വിജയം.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പീരങ്കിപ്പട ഹഡേഴ്‌സ്ഫീല്‍ഡിനെ തകര്‍ത്തത്. ഫ്രഞ്ച് താരം ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടി. മെസ്യൂട്ട് ഓസില്‍ , അലക്‌സിസ് സാഞ്ചസ്, അലക്‌സാന്ദ്രേ ലക്കാസറ്റെ എന്നിവര്‍ ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി. പോയിന്റെ നിലയില്‍ ആഴ്‌സനല്‍ നാലമതാണ്.

സ്‌റ്റോക് സിറ്റിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മൂഹമ്മദ് സാലാ രണ്ട് ഇരട്ടഗോള്‍ നേടി. സെനഗല്‍ താരം സാദിയോ മാനെ ഒരു ഗോളും നേടി.

സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഒരു ഗോളിനാണ് ചെല്‍സി സ്വാന്‍സി സിറ്റിയെ വീഴ്ത്തിയത്. 55-ാം മിനിറ്റില്‍ ജര്‍മന്‍ താരം അന്റോണിയോ റൂഡിഗറാണ് നീലപ്പടയുടെ വിജയഗോള്‍ നേടിയത്.

ലീഗില്‍ പരാജയമറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. കെവിന്‍ ഡി ബ്രുയണ്‍, റഹിം സ്‌റ്റെര്‍ലിങ്ങ് എന്നിവര്‍ സിറ്റിയുടെ ഗോള്‍ നേടിയപ്പോള്‍ സ്പാനിഷ് താരം ഓറിയല്‍ റോമേയുവാണ് സതാംപടന്റെ ആശ്വാസ ഗോള്‍ നേടിയത്.

വെസ്റ്റ്ഹാമിനെതിരെ, സൂപ്പര്‍താരം വെയിന്‍ റൂണിയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് എവര്‍ട്ടണിന്റെ വിജയം. റൂണിക്ക് പുറമേ ആഷ്‌ലി വില്ല്യംസും എവര്‍ട്ടണിനായി ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ബേണ്‍മത്തിനെ ഒന്നിനെതിരെ രണ്ട്‌ഗോളുകള്‍ക്ക് ബേണ്‍ലി തോല്‍പ്പിച്ചു.

ലീഗില്‍ 14 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. 32 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും 29 പോയിന്റുമായി ചെല്‍സിയും രണ്ട് ,മൂന്ന് സ്ഥാനങ്ങളിലുണ്ട്.