SHARE

മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നത് ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ടീമുകളുടെ പ്രകടനത്തിൽ ഏറെ നിർണായകമാകുമെന്നും അതിനുള്ള‌ ബോളർമാർ ടീമിലുള്ളത് ഇന്ത്യയ്ക്ക് ടൂർണമെന്റിൽ മുൻ തൂക്കം നൽകുമെന്നും ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ദ്രാവിഡ് ഇക്കാര്യത്തിൽ മനസ് തുറന്നത്.

മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബോളർമാർ ഇത്തവണത്തെ ലോകകപ്പിൽ നിർണായക‌ പങ്ക് വഹിക്കുമെന്ന് പറയുന്ന ദ്രാവിഡ് ഇങ്ങനെ കൂട്ടിച്ചേർത്തു. ” കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കളിച്ചതിന്റെ പരിചയം ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇത് വലിയ സ്കോറുകളുടെ ലോകകപ്പായിരിക്കും. ഇത് പോലുള്ള വലിയ സ്കോറുകളുടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത് മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബോളർമാർക്കാണ്.

എന്റെ അഭിപ്രായത്തിൽ ഇന്ത്യ അക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്.‌‌ ബുംറ, കുൽദീപ്, ചഹൽ തുടങ്ങിയ ഇന്ത്യൻ ബോളർമാർ നിർണായക സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താൻ മിടുക്കരാണ്. വലിയ സ്കോറുകൾ പിറക്കുന്ന മത്സരങ്ങളുടെ മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള ബോളർമാരുള്ള ടീമുകൾക്ക് എതിരാളികളെ ശക്തമായി തടഞ്ഞുനിർത്താനുമാകും.” ദ്രാവിഡ് പറഞ്ഞുനിർത്തി.