SHARE

ലോകകപ്പിന് പോകുന്ന ടീമിനെ ഒരു രാജ്യം എങ്ങനെ പിന്തുണയ്ക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കാണണമെങ്കിൽ ക്രൊയേഷ്യക്കാരോട് ചോദിച്ചാൽ മതി. കാരണം, എല്ലാ തിരക്കുകൾക്കും അവധി നൽകി ക്രൊയേഷ്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ റഷ്യയിലെത്തിയത് ക്രൊയേഷ്യൻ പ്രഡിഡന്റ് കോളിൻഡ ​ഗ്രാബർ കിറ്റാറോവിച്ചാണ്. അതും ടീമിന്റെ ജേഴ്സിയണിഞ്ഞ്.

ക്രൊയേഷ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റാണ് 50-കാരിയായ കൊളിൻഡ. ക്രൊയേഷ്യയുടെ വിഖ്യാതമായ ചുവപ്പും വെള്ളയും കളങ്ങൾ ഇടകലർന്ന് ജേഴ്സിയണിഞ്ഞാണ് കൊളിൻഡ് എത്തിയത്. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ക്രൊയേഷ്യൻ ഇതിഹാസവും, ഇപ്പോൾ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായ ഡെവോർ സൂക്കർ എന്നിവർക്കൊപ്പം വി.ഐ.പി ബോക്സിലായിരുന്നു കളികാണാനിരുന്നതെങ്കിലും കൊളിൻഡയുെടെ ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ക്രൊയേഷ്യ ​ഗോളടിച്ചപ്പോൾ ആർത്തുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല.

ഡെന്മാർക്കിനെതിരായ ക്രൊയേഷ്യയുടെ മത്സരത്തിന് മുമ്പ് തന്നെ കൊളിൻഡ റഷ്യയിലെത്തിയിരുന്നു. വിമാനത്തിൽ എക്കോണമി ക്ലാസിൽ യാത്ര ചെയ്ത അവർ മറ്റ് യാത്രികരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഡെന്മാർക്കിനെതിരായ മത്സരത്തിലും ക്രൊയേഷ്യൻ ജേഴ്സി അണിഞ്ഞെത്തിയ അവർ ​ഗാലറിയിലിരുന്നായിരുന്നു കളി കണ്ടത്. മത്സരം വിജയിച്ച ശേഷം ക്രൊയേഷ്യയുടെ ഡ്രെസിങ് റൂമിലെത്തിയ കൊളിൻഡ കളിക്കാരേയും പരിശീലകനേയും അഭിനന്ദിച്ചു