SHARE

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ യുവതാരം പ്രിഥ്വി ഷാ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. ടെസ്റ്റ് പരമ്പരയിൽ പാടേ നിരാശപ്പെടുത്തിയ കെ.എൽ രാഹുലിന് പകരക്കാരനായാകും താരം കളിക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ശേഷമായിരുന്നു പ്രിഥ്വി ഷായെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ പരമ്പരയിൽ താരത്തിന് കളിക്കാൻഅവസരം കിട്ടുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഇന്ത്യൻ മുൻ നിരയുടെ ദയനീയ പ്രകടനം പ്രിഥ്വിക്ക് തുണയാവുകയായിരുന്നു.

ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിക്കപ്പെടുന്ന പ്രിഥ്വി ഷായുടെ നേതൃത്വത്തിലായിരുന്നു ഈ വർഷത്തെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയത്. പരമ്പരയിൽ ഇത് വരെ കളിച്ച 8 ഇന്നിംഗ്സുകളിൽ 113 റൺസ് മാത്രമെടുത്ത രാഹുലിന്റെ, ടെസ്റ്റ് ഭാവിയും തുലാസിലായി നിൽക്കുമ്പോൾ ശ്രദ്ധേയമായൊരു പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ടെസ്റ്റ് ടീമിൽ വരവറിയിക്കാനാവും തന്റെ കന്നി ടെസ്റ്റിൽ പ്രിഥ്വി ഷായുടെ ശ്രമം.