SHARE

ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിലെ ത്രസിപ്പിക്കുന്ന വിജയത്തിന്‌ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു‌ സന്തോഷ വാർത്ത കൂടി. പരിക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലുള്ള ഇന്ത്യൻ കൗമാര ഓപ്പണർ പ്രിഥ്വി ഷാ ഡിസംബർ 26 ന് മെൽബണിൽ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാർത്തയാണ് ഇന്ത്യൻ ആരാധകർക്ക് ആവേശം സമ്മാനിക്കുന്നത്.

നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിൽ ബൗണ്ടറിക്കരികെ ക്യാച്ചെടുക്കുന്നതിനിടയിലായിരുന്നു പ്രിഥ്വി ഷായുടെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. തുടർന്ന് വിശ്രമത്തിലായിരുന്ന ഷാ പരിക്കിന്‌ ശേഷം ഇന്ന് ജോംഗിംഗ് തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ പരിക്ക് അതിവേഗം സുഖപ്പെടുന്നുണ്ടെന്നും താരം മൂന്നാം ടെസ്റ്റിൽ കളിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

അതേ സമയം ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഷാ കളിക്കാനുണ്ടാകില്ല. ഷായുടെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മുരളി വിജയ് – കെ.എൽ രാഹുൽ സഖ്യം രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർമാരാകും എന്നാണ് സൂചന.