SHARE

ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച യുവ ഓപ്പണർ പൃഥ്വി ഷായെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കണമെന്നും, പകരം ശുഭ്മാൻ ഗില്ലിനെ രണ്ടാം ടെസ്റ്റിൽ ടീമിന്റെ ഓപ്പണറാക്കണമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.‌ ഇന്നലെ രണ്ടാമിന്നിംഗ്സിലും ഒറ്റയക്കത്തിൽ പൃഥ്വി ഷാ പുറത്തായതോടെയായിരുന്നു താരത്തിനെതിരെ ഗവാസ്കർ രംഗത്തെത്തിയത്.

ബാറ്റിംഗിൽ ധാരാളം ടെക്നിക്കൽ പ്രശ്നങ്ങൾ പൃഥ്വി ഷായ്ക്കുണ്ടെന്നാണ് ഗവാസ്കർ പറയുന്നത്. ഇത് കൊണ്ടു‌ തന്നെ താരത്തെ ടീമിൽ നിന്ന് തൽക്കാലം ഒഴിവാക്കണമെന്നും പകരം അഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ ഓപ്പണറായ ശുഭ്മാൻ ഗില്ലിനെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഓപ്പണിംഗിൽ കളിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ ബാറ്റിംഗ് പ്രകടനമായിരുന്നു പൃഥ്വി ഷായുടേത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ താരം രണ്ടാമിന്നിംഗ്സിൽ 4 റൺസ് മാത്രമായിരുന്നു നേടിയത്. രണ്ട് ഇന്നിംഗ്സുകളിലും ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്.

അതേ സമയം അഭ്യന്തര ക്രിക്കറ്റിൽ ഓപ്പണറായി മികച്ച റെക്കോർഡുള്ള താരമാണ് ശുഭ്മാൻ ഗിൽ. ഓസ്ട്രേലിയ എ ടീമിനെതിരെ നേരത്തെ നടന്ന ത്രിദിന പിങ്ക് ബോൾ പരിശീലന മത്സരത്തിൽ കളിക്കാനുണ്ടായിരുന്ന ഗിൽ ആദ്യ ഇന്നിംഗ്സിൽ 43, രണ്ടാമിന്നിംഗ്സിൽ‌65 എന്നിങ്ങനെ റൺസ് നേടിയിരുന്നു.