SHARE

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി ഇന്ത്യൻ കൗമാര ഓപ്പണർ പ്രിഥ്വി ഷാ. ബൗണ്ടറി ലൈനിൽ ഓസ്ട്രേലിയൻ ഓപ്പണർ മാക്സ് ബ്രയാന്റിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഷായുടെ കണ്ണങ്കാലിന് പരിക്കേറ്റത്. തുടർന്ന് വേദന കൊണ്ട് പുളഞ്ഞ ഷായെ ഉടൻ തന്നെ ഗ്രൗണ്ടിന് വെളിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയ താരം പലവിധ സ്കാനിംഗുകൾക്കും വിധേയനായിക്കഴിഞ്ഞു.

ഷായ്ക്ക് പരിക്കേറ്റിരിക്കുന്നത് ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത വെല്ലുവിളിയാണ്‌ സമ്മാനിച്ചിരിക്കുന്നത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പരിശീലന മത്സരത്തിൽ 66 റൺസ് നേടി തകർപ്പൻ ഫോമിലാണ് താനെന്ന് ഷാ തെളിയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടതും ഷായാണ്. അതേ സമയം ഷായുടെ പരിക്ക് എത്രത്തോളം ഗൗരവകരമേറിയതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. അത് കൊണ്ടു തന്നെ ആദ്യ ടെസ്റ്റിൽ താരത്തിന്‌ കളിക്കാനാകുമോ, ഇല്ലയോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടിട്ടില്ല. പരിക്കിനെത്തുടർന്ന് താരത്തിന്‌കളിക്കാനാവാതെ വന്നാൽ അത് മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗിന് വലിയ തലവേദനയായിരിക്കും സമ്മാനിക്കുക.