വിലക്കവസാനിച്ച് യുവതാരം പ്രിത്വി ഷാ ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു. എട്ടു മാസമായിരുന്നു വിലക്കിനെ തുടര്‍ന്ന് ഷാ ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഈ മാസം 17 നാണ് വിലക്കവസാനിക്കുന്നത്. ഇതേ തുടര്‍ന്ന് സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ പ്രിത്വി ഷായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തേജക മരുന്നു പരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നിരോധിത മരുന്ന് ഉപയോഗിച്ചു എന്ന കാരണത്താല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഷായെ എട്ടു മാസത്തേയ്ക്ക് വിലക്കിയത്. 20 കാരനായ താരമാണ് പ്രിത്വി ഷാ.
വ്യാഴാഴ്ചയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ടീമിനെ പ്രഖ്യാപിച്ചത്. പ്രത്വി ഷായുടെ വിലക്ക് നീങ്ങുന്ന നവംബര്‍ 17 നു തന്നെയാണ് മുംബൈ ആസാമിനെ നേരിടുന്നത്. ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ശക്തമായി തിരിച്ചു വരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം ട്വിറ്ററില്‍ കുറിച്ചു.