SHARE

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്നും അങ്ങനെയൊരവസരം നൽകിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 ക്ക്‌ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

“എന്നോട് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് വലിയ അത്ഭുതമാണ് നൽകിയത്. അതൊരു വലിയ കാര്യമായിരുന്നു. ടീംഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ സാഹചര്യങ്ങൾ മനസിലാക്കി കളിച്ചേ തീരൂ. ഈ അവസരത്തിന് വലിയ നന്ദിയുണ്ട്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ, ന്യൂസിലൻഡ് പര്യടനങ്ങൾ തന്നെ പല‌പുതിയ പാഠങ്ങളും പഠിപ്പിച്ചു.

താൻ കൂടുതൽ ബോളുകളെറിഞ്ഞില്ല, പക്ഷേ വ്യത്യസ്ത സാഹചര്യങ്ങളിൽ പന്തെറിയാൻ എനിക്ക്‌ സാധിച്ചു. ബാറ്റിംഗിലേക്കെത്തുമ്പോൾ സീനിയർ താരങ്ങളാ‌യ കോഹ്ലി, ധോണി, രോഹിത് എന്നിവരിൽ നിന്ന് നിരവധി‌കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിച്ചൂ. സത്യം പറഞ്ഞാൽ മുൻപ് ഇന്ത്യ എ ടീമിനൊപ്പം നടത്തിയ ന്യൂസിലൻഡ് പര്യടനം തനിക്ക് ഈ പരമ്പരയിൽ വളരെയധികം ഗുണം ചെയ്തു.” ശങ്കർ പറഞ്ഞുനിർത്തി