SHARE

വരുന്ന സീസൺ ഐ.എസ്.എല്ലിനായുള്ള എ.ടി.കെയുടെ ഒരുക്കം തകൃതി. ഇക്കുറി ലീ​ഗ് കിരീടം നേടിയതിന് പിന്നാലെ തന്നെ മൻവീർ സിങ്, സുഭാശിഷ് ബോസ് എന്നീ താരങ്ങളെ എ.ടി.കെ ടീമിലെത്തിച്ചു. പിന്നാലെയിപ്പോൾ മധ്യനിരതാരം പ്രൊണോയ് ഹാൾദറുമായി കരാർ പുതുക്കാനാണ് ക്ലബ് ഒരുങ്ങുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡറായ പ്രൊണോയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ പുതുക്കാനാണ് ക്ലബ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2018-ൽ എ.ടി.കെയിലെത്തിയ പ്രൊണോയ്ക്ക് ഇക്കുറി പരുക്കിനെത്തുടർന്ന് അധികം അവസരം ലഭിച്ചില്ല. എന്നാൽ കളിക്കളത്തിലറങ്ങിയപ്പോഴൊക്കെ മികവുറ്റ പ്രകടനം ഈ 27-കാരൻ പുറത്തെടുത്ത്. ഫൈനലിൽ ചെന്നൈയിനെതിരായ കൊൽക്കത്തയുടെ മൂന്നാം ​ഗോളിന് വഴിയൊരുക്കിയത് തന്നെ ഇതിനുദാഹരണം. ഇക്കുറി എട്ട് മത്സരങ്ങൾ കളിച്ച പ്രൊണോയ് ഒരു ​ഗോളും നേടി.

ഐ.എസ്.എല്ലിൽ നേരത്തെ മുംബൈയ്ക്കും ​ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുള്ള പ്രൊണോയ്, മോഹൻ ബ​ഗാൻ, ഡെംപോ ​ഗോവ, പൈലൻ ആരോസ് എന്നിവരുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2015-ൽ ദേശീയ ടീമിനായി അരങ്ങേറിയ പ്രൊണോയ്, 20 മത്സരങ്ങൾ കളിച്ചു.