SHARE

കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന പി.എസ്.ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഒരു മാസത്തിനുള്ളിൽ ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തിയേക്കും. നെയ്മർ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ പി.എസ്.ജി പരിശീലകൻ ഉനായ് എമ്രിയും നെയ്മർ ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. ഫ്രഞ്ച് ലീഗിൽ മാർസയ്ക്കെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടർന്നായിരുന്നു നെയ്മറുടെ കാൽപ്പാദത്തിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. മാർച്ച് മൂന്നിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നിലവിൽ ബ്രസീലിൽ വിശ്രമത്തിലാണ് താരം.

നിലവിൽ കാര്യങ്ങളെല്ലാം വളരെ നന്നായി പോകുന്നുണ്ടെന്നും, ഇപ്പോളത്തെ അവസ്ഥയിലാണെങ്കിൽ ഒരു മാസത്തിനുള്ളിൽ ഫുട്ബോൾ പരിശീലനം പുനരാരംഭിക്കാൻ തനിക്ക് കഴിയുമെന്നും നെയ്മർ പറയുന്നു. അതേ സമയം ഈ സീസണിൽ ഇനി പി.എസ് ജിക്ക് വേണ്ടി കളിക്കുമോ എന്ന കാര്യത്തിൽ നെയ്മർ ഉറപ്പ് പറഞ്ഞില്ല.

അതേ സമയം നെയ്മറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ വാർത്ത ലോകമെമ്പാടുമുള്ള ബ്രസീൽ ഫുട്ബോൾ ആരാധകരെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്. മുൻപ് പരിക്കിനെത്തുടർന്ന് താരത്തിന് ലോകകപ്പ് പോലും നഷ്ടമായേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത്തരം അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ജൂൺ 17 ന് സ്വിറ്റ്സർലാന്റിനെതിരെയുള്ള പോരാട്ടത്തോടെയാണ് ഈ വർഷത്തെ ബ്രസീലിന്റെ ലോകകപ്പ് ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്.