SHARE

പ്രീമിയർ ലീഗിലെ തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ ആത്മ വിശ്വാസത്തിൽ പി എസ് ജി ക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴച്ചു. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ്‌ പി എസ്‌ജി, യുണൈറ്റഡിനെ തകർത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഇരു‌ഗോളുകൾക്കും വഴിയൊരുക്കി പി എസ് ജിയുടെ മിന്നും താരമായത് അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയ. മാർച്ച് ഏഴാം തീയതി ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കും.

ഗോളുകളില്ലാത്ത ആദ്യ പകുതിക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓൾഡ് ട്രാഫോഡ് സാക്ഷ്യം വഹിച്ചത്. അൻപത്തിമൂന്നാം മിനുറ്റിൽ കിംപെമ്പെയിലൂടെ പി എസ് ജി ആദ്യ വെടി പൊട്ടിച്ചു. ഏഞ്ചൽ ഡി മരിയയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഏഴ് മിനുറ്റുകൾക്ക്‌ ശേഷം അവർ ഗോൾ ലീഡുയർത്തി. ഇത്തവണയും ഡി മരിയയാണ് ഗോളിന് വഴിയൊരുക്കിയതെങ്കിലും എംബാപ്പെയായിരുന്നു ഗോൾ വല കുലുക്കിയത്. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിലായതോടെ യുണൈറ്റഡ് തളർന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ആവും‌ വിധം അവർ ശ്രമിച്ചെങ്കിലും പി എസ്‌ ജി‌ ശക്തമായി പ്രതിരോധിച്ചതോടെ അത് സാധ്യമാകാതെ പോവുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ റോമ, പോർട്ടോയെ പരാജയപ്പെടുത്തി. റോമയുടെ ഹോംഗ്രൗണ്ടിൽ നടന്ന‌ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റോമയുടെ വിജയം. സാനിയോളയുടെ ഇരട്ട ഗോളുകൾ റോമൻവിജയത്തിൽ നിർണായകമായപ്പോൾ, അഡ്രിയാനാണ് പോർട്ടോയുടെ ഏക ഗോൾ നേടിയത്.