SHARE

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കു വിജയം. ലില്ലെയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. നെയ്മര്‍ തിരിച്ചെത്തിയെങ്കിലും മത്സരത്തില്‍ താരമായത് ഇക്കാര്‍ഡി ആയിരുന്നു. സീസണില്‍ ഇക്കാര്‍ഡി മികച്ച ഫോമില്‍ തുടരുകയാണ്.

കളിയുടെ പതിനേഴാം മിനിറ്റിലാണ് ഇക്കാര്‍ഡി ഗോള്‍ നേടിയത്. അധികം വൈകിയില്ല 33-ാം മിനിറ്റില്‍ ഡി മരിയയും ലില്ലെയുടെ വല കുലുക്കി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടാന്‍ പിഎസ്ജിയ്ക്കു കഴിഞ്ഞു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ലില്ലെയുടെ ശ്രമങ്ങള്‍ പിഎസ്ജി പ്രതിരോധത്തിനു മുമ്പില്‍ തകര്‍ന്നു.

പതിനൊന്നു മത്സരങ്ങളില്‍ നിന്നും പിഎസ്ജിയ്ക്കായി 10 ഗോളുകള്‍ നേടാന്‍ ഇന്നലത്തെ ഗോളോടെ ഇക്കാര്‍ഡിയ്ക്കും കഴിഞ്ഞു. 33 പോയിന്റാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിക്കുള്ളത് 19 പോയിന്റുള്ള ലില്ലെ ഏഴാം സ്ഥാനത്താണ്.

ഗോളടിക്കാനായില്ലെങ്കിലും ചില നിര്‍ണ്ണായക നീക്കങ്ങളിലൂടെ കാണികളെ ആവേശത്തിലാഴ്ത്തുവാന്‍ നെയ്മര്‍ക്കു കഴിഞ്ഞു. ബ്രസീലിനു വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിടെയായിരുന്നു നെയ്മര്‍ക്കു പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചു മുതല്‍ നെയ്മര്‍ വിശ്രമത്തിലായിരുന്നു.