SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രം രചിച്ച് ഫ്രഞ്ച് ക്ലബ് പി.എസ്.ജി ഫൈനലിൽ. സെമി പോരാട്ടത്തിൽ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിനെയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്തത്. പി.എസ്.ജി ആദ്യമായാണ് ചാമ്പ്യൻസ് ലീ​ഗിന്റെ കലാശപ്പോരിലേക്കെത്തുന്നത്.

പോർച്ചു​ഗലിലെ ലിസ്ബനിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമിക്കുകയായിരുന്നു പി.എസ്.ജി. 13-ാം മിനിറ്റിൽ ഇതിന് ഫലം കണ്ടു. നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കിൽ നിന്നായിരുന്നു ​ഗോൾ. എയ്ഞ്ചൽ ഡി മരിയ എടുത്ത ഫ്രീക്കിക്കിൽ ഉയർന്നുചാടി തലനീട്ടിയ മാർക്വിനോസ് പന്ത് ലെയ്പ്സി​ഗ് പോസ്റ്റിലേക്ക് ഉന്തിവിട്ടു. പി.എസ്.ജിക്ക് ലീഡ്. 42-ാം മിനിറ്റിൽ പി.എസ്.ജി ലീഡുയർത്തി. ഇക്കുറി ലെയ്പ്സി​ഗ് ​ഗോളിയുടെ പാസ് പിടിച്ചെടുത്തുള്ള പി.എസ്.ജി നീക്കമാണ് ഡി മരിയ ​ഗോളാക്കി മാറ്റിയത്.

രണ്ട് ​ഗോൾ വഴങ്ങിയ ലെയ്പസി​ഗ് രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള നീക്കത്തിലായിരുന്നു. അവർ തുടർച്ചയായി പി.എസ്.ജി ബോക്സിന് ചുറ്റും വട്ടമിട്ടു. എന്നാൽ ഇതിനിടെ 56-ാം മിനിറ്റിൽ ലെയ്പ്സി​ഗിന്റെ എല്ലാ ആത്മവിശ്വാസവും ചോർത്തി പി.എസ്.ജി മൂന്നാം ​ഗോളും നേടി. അപ്രതീക്ഷിത മുന്നേറ്റത്തിനൊടുവിൽ ഡി മരിയ നൽകിയ ക്രോസിന് ഇക്കുറി തലവച്ചത് ജുവാൻ ബെർനാറ്റ്.

മൂന്ന് ​ഗോൾ ലീഡ് നേടിയതോടെ പി.എസ്.ജി പതിയെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ലെയ്പ്സി​ഗ് തിരിച്ചടിച്ച് തോൽവിഭാരം കുറയ്ക്കാൻ് ആഞ്ഞുശ്രമിച്ചെങ്കിലും തിയോ​ഗോ സിൽവ നയിക്കുന്ന പി.എസ്.ജി പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. ഇതിനിടെ ചില അവസരങ്ങൾ പി.എസ്.ജി സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായമ് വിനയായി.

ഒടുവിൽ ഇഞ്ച്വറി ടൈം അവസാനിച്ച് റെഫറി വിസിൽ മുഴക്കുമ്പോൾ ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിൽ പി.എസ്.ജി ആദ്യമായി ഫൈനലിലേക്ക്. ഉജ്ജ്വല കുതിപ്പ് നടത്തി ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രശംസയേറ്റുവാങ്ങിയ ലെയ്പസി​ഗിന്റെ കുതിപ്പ് അവസാനിക്കുകയും ചെയ്തു.