SHARE

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കാര്യത്തില്‍ റയലിനും ബാഴ്‌സയ്ക്കും വീണ്ടും പ്രതീക്ഷകള്‍ നല്‍കി പിഎസ്ജി. നെയ്മറെ കൈമാറുന്നത് സംബന്ധിച്ച കാര്യത്തില്‍ ഇരു ക്ലബ്ബുകളുമായും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് നെയ്മറെ വായ്പയായി നല്‍കാം എന്ന നിലപാടിലേയ്ക്ക് പിഎസ്ജി എത്തിയത്. പക്ഷെ പിന്നീട് വാങ്ങാം എന്ന ഉറപ്പും ഉടമ്പടിയില്‍ ഉണ്ടാവണം എന്നാണ് പിഎസ്ജി യുടെ നിലപാട്. നെയ്മറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാരീസില്‍ നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍ ഒന്നും ഫലം കാണുന്നില്ല താനും. സെപ്റ്റംബര്‍ രണ്ടാണ് താരക്കൈമാറ്റത്തിനുള്ള അവസാന ദിവസം.

201 മില്ല്യണ്‍ മുതല്‍ 228 മില്ല്യണ്‍ വരെയാണ് നെയ്മര്‍ക്കായി പിഎസ്ജി ആവശ്യപ്പെടുന്നത്. ഇതില്‍ താരങ്ങളെ കൈമാറിയാല്‍ അതനുസരിച്ച് തുക കുറയ്ക്കാനും പിഎസ്ജി തയ്യാറാണ്. എന്നാല്‍ ഇരു ക്ലബ്ബുകളോടും ഇവര്‍ ആവശ്യപ്പെടുന്ന താരങ്ങളെ വിട്ടുകളയാന്‍ ഇരു ക്ലബ്ബുകളും തയ്യാറല്ല താനും. ഇതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് വായ്പ എന്ന രീതിയിലേയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ രണ്ടിനു മുമ്പ് ഏതുവിധേനയും സ്‌പെയിനില്‍ എത്താന്‍ സാധിക്കുമെന്നാണ് നെയ്മര്‍ കരുതുന്നത്. എന്നാല്‍ വ്യക്തിപരമായി പിഎസ്ജിയുടെ പരിശീലകന്‍ തോമസ് ടുച്ചലിന് നെയ്മറെ ടീമില്‍ നിലിര്‍ത്താന്‍ തന്നെയാണ് താത്പര്യം. ഇതു പലഘട്ടങ്ങളിലും അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു.