ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്ത്. കരാറിൽ ഒരു വർഷം കൂടി ശേഷിക്കെയാണ് ഗാൾട്ടയറിനെ നീക്കാൻ ക്ലബ് തീരുമാനിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെയാകും ഇനി പിഎസ്ജിയുടെ ചുമതലയേറ്റെടുക്കുകയെന്നാണ് സൂചന.
ഫ്രഞ്ച് ക്ലബുകളായ സെയിന്റ് എറ്റീൻ, ലീൽ, നിസ് എന്നിവരെ പരിശീലിപ്പിച്ചശേഷമാണ് കഴിഞ്ഞ സീസണിൽ ഗാൾട്ടയർ പിഎസ്ജി ദൗത്യം ഏറ്റെടുത്തത്. പിഎസ്ജിയെ ഫ്രഞ്ച് ലീഗിൽ ജേതാക്കളാക്കാൻ ഗാൾട്ടയറിന് കഴിഞ്ഞു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ അവർ പ്രീക്വാർട്ടറിൽ തന്നെ പുറത്തായി. ഫ്രഞ്ച് കപ്പിലും അവർ പ്രീക്വാർട്ടറിൽ പുറത്തായി. ഈ സാഹചര്യത്തിലാണ് ഗാൾട്ടയറിനെ മാറ്റാനുള്ള തീരുമാനം.
അതേസമയം പുതിയ പരിശീലകനായി എൻറിക്വെയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുമ്പ് 2015-ൽ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് എൻറിക്വെ. പിന്നീട് ഏതാണ്ട് നാല് വർഷത്തോളം സ്പെയിൻ ദേശീയ ടീമിന്റേയും ചുമതല എൻറിക്വെ വഹിച്ചു.