SHARE

ഫ്രഞ്ച് ലീ​ഗിന്റെ 2020-21 സീസണിൽ ആദ്യജയം നേടി നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മെറ്റ്സിനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് പി.എസ്.ജി സീസണിലെ ആദ്യ പോയിന്റ് നേടിയത്. ജർമൻ താരം ജൂലിയൻ ഡ്രാക്സ്ലറാണ് ടീമിനായി വിജയ​ഗോൾ നേടിയത്.

സീസണിൽ മുമ്പ് നടന്ന ലെൻസ്, മാഴ്സെ എന്നിവർക്കെതിരായ മത്സരങ്ങളിൽ പി.എസ്.ജി തോറ്റിരുന്നു. ഇതോടെ മെറ്റ്സിനെതിരായ മത്സരത്തിൽ ടീമിന് മേൽ വലിയ സമ്മർദമുണ്ടായിരുന്നു. എങ്കിലും ഇഞ്ച്വറി ടൈമിലായിരുന്നു പി.എസ്.ജിക്ക് വിജയം ഉറപ്പിക്കാനായത്. 93-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയുടെ ക്രോസ് മെറ്റ്സ് താരങ്ങൾ തട്ടിയകറ്റുന്നിൽ നിന്നുള്ള പിഴവിൽ നിന്നായിരുന്നു ഡ്രാക്സ്ലർ വിജയ​ഗോൾ നേടിയത്. നെയ്മർ, കെയ്ലിൻ എംബാപെ തുടങ്ങിയ സൂപ്പർതാരങ്ങളില്ലാതെയാണ് പി.എസ്.ജി കളിച്ചത്.

-Advertisement-

അതേസമയം ജയം നേടിയെങ്കിലും പി.എസ്.ജിക്ക് ചില തിരിച്ചടികളും ഈ മത്സരത്തിൽ നിന്ന് നേരിടേണ്ടിവന്നു. പ്രതിരോധതാരം അബ്ദു ഡയാലോയ്ക്ക്, ചുവപ്പുകണ്ട് പുറത്തായതോടെ അടുത്ത മത്സരത്തിൽ കളിക്കാനാകില്ല. പരുക്കേറ്റ ജുവാൻ ബെർനെറ്റിനും കുറച്ച് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന