SHARE

നിമസിനെതിരായ ഫ്രെഞ്ച് ലീഗ് മത്സരത്തിനിടെ എതിർതാരത്തെ തള്ളിയിട്ട പി.എസ്.ജി സ്ട്രൈക്കർ കൈലിൻ എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്. പി.എസ്.ജി യുടെ അവസാന ലീഗ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു എതിർ താരത്തിനെതിരെ എംബാപ്പെയുടെ അതിക്രമം. ഇതേത്തുടർന്ന് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച എംബാപ്പെയെ വിശദമായ അന്വേഷണത്തിന് ശേഷം 3 ഫ്രെഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് വിലക്കാൻ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു.

നിമസിനെതിരെ പി.എസ്.ജി 4-2 ന് വിജയം കണ്ട മത്സരത്തിലായിരുന്നു എംബാപ്പെയുടെ അതിരുവിട്ട പെരുമാറ്റം. നിമസ് താരം സവനിയറിന്റെ ഫൗളിൽ നിലത്ത് വീണ എംബാപ്പെ ചാടിയെഴുന്നേറ്റതിന് ശേഷം, തന്നെ ഫൗൾ ചെയ്ത താരത്തെ പിടിച്ച് തള്ളുകയായിരുന്നു. എംബാപ്പെയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിമസ് താരം നിലത്തേക്ക് വീണു. ഇതെല്ലാം കണ്ട് നിന്നിരുന്ന റഫറി ഉടൻ തന്നെ ചുവപ്പ് കാർഡെടുത്ത് എംബാപ്പെയെ പുറത്തേക്ക് അയക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന്, സെന്റ് എറ്റിനിൻ, റെനസ്, റീംസ് എന്നിവർക്കെതിരെയുള്ള മത്സരമാകും ഫ്രെഞ്ച് യുവതാരത്തിന് നഷ്ടമാവുക.