SHARE

ഫ്രഞ്ച് സൂപ്പർ കപ്പിൽ പി.എസ്.ജിക്ക് കിരീടം. ഇന്നലെ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഒളിംപിക് മാഴ്സെയെ തോൽപ്പിച്ചാണ് പി.എസ്.ജിയുടെ കിരീടനേട്ടം. പി.എസ്.ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പരിശീലകറോളിൽ ആദ്യ കിരീടം കൂടിയാണിത്.

ഫ്രാൻസിലെ ലെൻസിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തിന്റെ 39-ാം മിനിറ്റിൽ അർജന്റൈൻ താരം മൗറോ ഇക്കാർഡിയിലൂടെയാണ് പി.എസ്.ജി ആദ്യ ​ഗോൾ നേടിയത്. പിന്നീട് 85-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് നെയ്മർ പി.എസ്.ജിയുടെ ലീഡുയർത്തി. 89-ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർതാരം ദിമിത്രി പയേറ്റ് മാഴ്സെയ്ക്കായി ഒരു ​ഗോൾ മ‍ടക്കി.

പരിശീലകവേഷമണിഞ്ഞ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് ആദ്യമായൊരു കിരീടത്തിൽ മുത്തമിടാൻ പോച്ചെറ്റീനോയ്ക്ക് സാധിക്കുന്നത്. അതും പി.എസ്.ജിയിലെത്തി മൂന്നാം മത്സരത്തിൽ തന്നെ. എസ്പാന്യോൾ, സതാംപ്ടൻ, ടോട്ടനം ഹോട്സ്പർസ് എന്നീ ടീമുകളെയാണ് മുമ്പ് പോച്ചെറ്റീനോ പരിശീലിപ്പിച്ചിട്ടുള്ളത്.