SHARE

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനാണ് ചേതേശ്വർ പുജാര. ടെസ്റ്റിൽ ഇത് വരെ കളിച്ച 124 ഇന്നിംഗ്സുകളിൽ നിന്ന് 49.48 ശരാശരിയിൽ 5740 റൺസ് നേടിയ താരം മൂന്നാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്ത താരമാണ്. ബാറ്റിംഗിൽ ഇന്ത്യയുടെ സൂപ്പർ താരമാണെങ്കിലും പുജാരയുടെ ബോളിംഗ് മികവ് ക്രിക്കറ്റ് ലോകം അങ്ങനെ കണ്ടിട്ടില്ല.

ഇപ്പോളിതാ രഞ്ജി ട്രോഫിയിൽ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരിക്കുകയാണ് പുജാര. സൗരാഷ്ട്രയുടെ താരമായ പുജാര, ഉത്തർപ്രദേശിനെതിരായ രഞ്ജി മത്സരത്തിലായിരുന്നു ബോളറായത്. ഉത്തർപ്രദേശിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു പുജാര ബോളിംഗുമായെത്തിയത്. എതിർ ടീമിന്റെ പത്താം നമ്പർ ബാറ്റ്സ്മാനായ മോഹിത് ജംഗ്രയുടെ വിക്കറ്റും പുജാര വീഴ്ത്തി‌. പുജാരയുടെ പന്തിൽ സ്ലിപ്പിൽ പെരെജ് മങ്കാദ് ക്യാച്ച് പിടിച്ചായിരുന്നു ജംഗ്ര പുറത്തായത്. വിക്കറ്റ് വീണതിന്റെ ആവേശത്തിൽ പുജാര തകർപ്പൻ ആഘോഷവും പിന്നാലെ നടത്തി. വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള പുജാരയുടെ ആഘോഷവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.